പാരിസ്: പി.എസ്.ജിയിലെ സഹതാരം നെയ്മറുമായി കളിക്കളത്തിനു പുറത്ത് വലിയ സൗഹൃദമില്ലെന്ന് എഡിന്‍സന്‍ കവാനി. സുഹൃത്തുക്കളാവുക എന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ പ്രൊഫഷണലിസം പ്രകടിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബ്രസീലിയന്‍ താരവുമായുള്ള പെനാല്‍ട്ടി വിവാദം കഴിഞ്ഞ കാര്യമാണെന്നും എസ്.എഫ്.ആര്‍ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ കവാനി പറഞ്ഞു.

നേരത്തെ, വിവാദം പരസ്പരം പറഞ്ഞു തീര്‍ത്തിരുന്നുവെന്ന് കവാനി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ഒളിംപിക് ലിയോണിനെതിരായ മത്സരത്തില്‍ നെയ്മര്‍ ആവശ്യപ്പെട്ടിട്ടും പെനാല്‍ട്ടി കിക്ക് നല്‍കാതിരുന്ന സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ കവാനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ആ പെനാല്‍ട്ടി സംഭവം കഴിഞ്ഞ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളില്‍ സംഭവിക്കുന്നതാണ്. ഒന്നിച്ചു നിന്ന് ഒരു പരിഹാരം കണ്ടെത്തുകയും ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതുമാണ് പ്രധാനം. അതുകൊണ്ട് മാത്രമേ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ.’ കവാനി പറഞ്ഞു.

‘മത്സരബുദ്ധിയുള്ള ടീം ആയി മാറുകയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. പരസ്പരം സുഹൃത്തുക്കളാവുകയോ കുടുംബം പോലെയാവുകയോ അല്ല വേണ്ടത്. ഗ്രൗണ്ടില്‍ എല്ലാവരും പ്രൊഫഷണല്‍ ആണെന്നതും നൂറു ശതമാനം മികവ് പുറത്തെടുക്കാന്‍ തയ്യാറാണെന്നതുമാണ് കാര്യം. അതിനു പുറത്ത് എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്. താല്‍പര്യങ്ങളും ചിന്തകളുമുണ്ട്.’ കവാനി പറഞ്ഞു.

പെനാല്‍ട്ടി വിഷയം ഡ്രസ്സിങ് റൂമില്‍ വെച്ചു തന്നെ പരിഹരിച്ചിരുന്നുവെന്ന് ഈയിടെ നെയ്മര്‍ വ്യക്തമാക്കിയിരുന്നു.