ന്യൂഡല്‍ഹി: എണ്ണവില വര്‍ധനവിനെയും കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയും പരിഹസിച്ച് മുന്‍ എന്‍.ഡി.എ നേതാവ് കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
രൂപയുടെ മൂല്യം ദിവസം തോറും കൂപ്പുകുത്തുകയാണ്. ഇക്കണക്കിന് പോയാല്‍ വൈകാതെ തന്നെ രൂപയുടെ മൂല്യം സെഞ്ച്വറി അടിക്കും. പെട്രോള്‍ വിലയും ദിനം പ്രതി കുതിച്ചുയരുകയാണ്. വൈകാതെ ഇതും നൂറിലെത്തും. അങ്ങനെയാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു ഡോളര്‍ നല്‍കി ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം- നായിഡു പരിഹസിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വളര്‍ച്ച ഇന്ത്യയുടെ കരുത്തു കൊണ്ടാണ്. അല്ലാതെ എന്‍. ഡി.എ സര്‍ക്കാറിന്റെ മഹത്വം കൊണ്ടല്ല. നോട്ടു നിരോധനം വലിയ പരാജയമായിരുന്നുവെന്നും അതിന്റെ കെടുതികള്‍ രാജ്യത്തെ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും നായിഡു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ നോട്ടു നിരോധനത്തെ പുകഴ്ത്തി രംഗത്തെത്തിയ നേതാവാണ് ചന്ദ്രബാബു നായിഡു. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു നായിഡു.
സമ്പദ് വ്യവസ്ഥ തകര്‍ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വന്‍ തിരിച്ചടിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മരവിച്ചുവെന്ന് മാത്രമല്ല, വരും ദിവസങ്ങളില്‍ ഇത് വീണ്ടും കൂപ്പു കുത്തിയേക്കും. എന്‍.ഡി.എ സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് നിലവിലെ ദുസ്ഥിതിക്കു കാരണം. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിലും പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിലും മോദി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശിപാര്‍ശകളെല്ലാം മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
ചെലവു രഹിത ഡിജിറ്റല്‍ പണമിടപാടുകളാണ് തന്റെ സമിതി ശിപാര്‍ശ ചെയ്തത്. അങ്ങനെയെങ്കില്‍ ആളുകള്‍ സ്വാഭാവികമായി അതിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നു. സമ്പദ് വ്യവസ്ഥക്കും അത് മുതല്‍കൂട്ടാകുമായിരുന്നു. എന്നാല്‍ ചെലവേറിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ജനം ഇതിനെ തള്ളിക്കളഞ്ഞു. തട്ടിപ്പുകാര്‍ പെരുകിയതോടെ ബാങ്കിങ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിജയ് മല്യ, നീരവ് മോദി വിഷയങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് നായിഡു പറഞ്ഞു.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാറും പരാജയപ്പെട്ടെന്നും നായിഡു കുറ്റപ്പെടുത്തി.