തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്‌റ്റേഷനുമായുള്ള സിഗ്‌നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്. 200 ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയും
തെരഞ്ഞെടുത്ത 70 വിദ്യാര്‍ത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷന്‍ കോംപ്ലക്‌സിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു.

നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്‌റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാന്‍ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാന്‍ഡര്‍ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത്. അതീവ സങ്കീര്‍ണമായ സാങ്കേതിക പ്രക്രിയകളുടെ കാല്‍മണിക്കൂറാണ് ലാന്‍ഡറിന് കടന്നു പോകേണ്ടിയിരുന്നത്. ഈ ഘട്ടത്തിലാണ് ദൗത്യം പരാജയപ്പെട്ടത്.