പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപ നേതാവ്)

ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സ്വാതന്ത്ര്യ സമരവും അതിനെ തുടര്‍ന്ന് വന്ന നിരവധി നേതാക്കന്മാരുമൊക്കെ കേരളത്തിലും അതിന്റേതായ ഇടപെടലുകളുമായി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉണ്ടായി. അതുപോലെ കേരളത്തിലും ചൂഷണത്തിനും ജന്മി നാടുവാഴിത്ത സമ്പ്രദായത്തിനും ദാരിദ്ര്യത്തിനെതിരായുമുള്ള പോരാട്ടങ്ങള്‍ അനവധിയുണ്ടായി. അതിന്റെ ഗുണങ്ങള്‍ ആധുനിക കേരളത്തിനുണ്ട്. ഇതിനൊപ്പം നമ്മുടെ രാജ്യത്തെ അവശ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഇടയില്‍ നടന്ന പ്രവര്‍ത്തനമുണ്ട്. ഉല്‍പതിഷ്ണുക്കളായ, പുരോഗമന ചിന്താഗതിയുള്ള, മതവിശ്വാസികളായ സയ്യിദുമാരും മതപണ്ഡിതന്മാരുമൊക്കെ നടത്തിയ വലിയ പ്രവര്‍ത്തനങ്ങളുണ്ട്. വിദേശ ശക്തികളോടുള്ള പ്രതിരോധത്തിന്റെയും അകലം പാലിക്കുന്നതിന്റെയും ഭാഗമായി ഇംഗ്ലീഷുകാരുടെ വിദ്യാഭ്യാസം വേണ്ട എന്ന നിലപാട് സ്വീകരിച്ച്, വിദ്യാഭ്യാസവും പുരോഗതിയും ബാക്കിയുള്ളതുമൊക്കെ ആവശ്യമില്ലാത്തതാണ് എന്ന നിലപാടെടുത്ത് ഒരു വിഭാഗം ജനങ്ങള്‍ നിന്നപ്പോള്‍, അതിനെതിരായി ഉല്‍പതിഷ്ണുക്കളായ നേതാക്കള്‍ നടത്തിയ വലിയ ഒരു പ്രവര്‍ത്തനമുണ്ട്. ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ് തങ്ങള്‍ വരെ അതിന്റെ കണ്ണികളായി. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം പറയുകയല്ല ഇവിടെ. പക്ഷേ നമ്മള്‍ ആ പ്രവര്‍ത്തനത്തെ കാണണം. കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും എം.എല്‍.എ എം. ചടയനുമൊക്കെ അന്ന് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന പുരോഗതി കേരളത്തിനുണ്ടാകുമായിരുന്നില്ല. ഇന്ന് ഉത്തരേന്ത്യയില്‍ കാണുന്ന പിന്നോക്കാവസ്ഥയില്‍ തന്നെ കേരളത്തിലെ ന്യൂനപക്ഷങ്ങളും നിലനില്‍ക്കുമായിരുന്നു. സീതിസാഹിബും സി.എച്ചുമൊക്കെ നയിച്ച അവശ, ന്യൂനപക്ഷ, പിന്നാക്ക മൂവ്‌മെന്റിന്റെ ഫലമെന്തായിരുന്നുവെന്ന് നമുക്കറിയാം. എഴുതാനും വായിക്കാനുമൊക്കെ അറിയണം, വിദ്യാഭ്യാസം വേണം, പ്രൈമറി സ്‌കൂളുകള്‍ വേണം, കോളജില്‍ പോകണം. ഇതിനായി അവര്‍ ത്യാഗനിര്‍ഭരമായി നടത്തിയ വലിയ പ്രവര്‍ത്തനം കൂടിയാണ് ഇന്ന് കാണുന്ന കേരളം രൂപപ്പെടുത്തിയത്.

അതുപോലെ ബ്രിട്ടീഷുകാര്‍ ഇന്ത്യ വാണപ്പോള്‍ ബ്രീട്ടീഷുകാരും ജന്മിമാരും കൂടി കുടിയാന്‍മാരോട് നടത്തിയ വലിയ ചൂഷണത്തിനെതിരായ പ്രവര്‍ത്തനങ്ങളുമായി, നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി, പുരോഗമന പ്രവര്‍ത്തനങ്ങളുമായി യോജിച്ചുപോയ വലിയ ഒരു ജനവിഭാഗത്തിനാണ് അവര്‍ നേതൃത്വം നല്‍കിയത്. സീതി സാഹിബും സി.എച്ചുമൊക്കെ മതേതര കക്ഷികളുമായി ചേര്‍ന്നു കൊണ്ട് പിന്നീട് ഒരു യാത്രയായിരുന്നു. ആ യാത്രയുടെ ഫലം ഇന്ന് കേരളത്തില്‍ കാണാന്‍ കഴിയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിനുണ്ടാക്കിയ നേട്ടങ്ങളും കാണാതിരിക്കുന്നില്ല. 1957 കഴിഞ്ഞ് 60 ആണ്ട് കഴിയുമ്പോള്‍ ആ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു. പക്ഷേ അതേ നേട്ടങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ഭേദഗതി ചെയ്ത് നമുക്ക് കഴിഞ്ഞില്ല എന്നാക്കുകയാണ്. കോണ്‍ഗ്രസിനും ഇപ്പോള്‍ പുതിയ കാലത്ത് പല സംസ്ഥാനങ്ങളും കൈവിട്ടു പോകുകകയാണ്. കാരണം എന്തെന്നുവെച്ചാല്‍ വര്‍ഗീയത ഒരു വശത്ത് വരുന്നു. കശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ തീവ്രവാദം വരുന്നു. കേരളത്തെ തീവ്രവാദത്തിലേക്കും മതവിശ്വാസത്തിലില്ലാത്ത കുറേ ദുഷ്പ്രവണതകളിലേക്കും കൊണ്ടുപോകാതെ നിലനിര്‍ത്തി മതേതര കക്ഷികളോടൊപ്പം ഈ സംസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പുരോഗമന കേരളം പടുത്തുയര്‍ത്താന്‍ പ്രയത്‌നിച്ചവരുടെ അവസാന കണ്ണി എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു. അതിന്റെ ഭാഗമായി നിയമസഭയില്‍ കേരളത്തിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
തീവ്രവാദം ഇപ്പോള്‍ വലിയ വിഷയമായി വന്നിരിക്കുകയാണ്. ഫാസിസം ഇപ്പോള്‍ വലിയ ഭീഷണിയായി വന്നിരിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഒരു നിലയിലേക്ക് നമ്മുടെ സംസ്ഥാനവും പോകാതിരുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ അവശ പിന്നാക്ക അധ:സ്ഥിത ജനവിഭാഗത്തെ ഉല്‍പതിഷ്ണുക്കളാക്കി അവരെ പരിവര്‍ത്തിപ്പിച്ച പങ്കിലും ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്.
ഇന്ന് നിയമസഭ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ഉണ്ടായി. നമുക്ക് മുമ്പുണ്ടായിരുന്ന നേതാക്കളൊക്കെ, ഭൂപരിഷ്‌കരണം ഉള്‍പ്പെടെ അന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുകയുണ്ടായി. സാക്ഷരതയുണ്ടാക്കി, ഇന്ന് നമ്മള്‍ അഭിമാനിക്കുന്ന ആരോഗ്യ രംഗത്തെ നേട്ടങ്ങളുണ്ടാക്കി. ആയൂര്‍ദൈര്‍ഘ്യം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെല്ലാം വിജയിച്ചു. പക്ഷേ ഇപ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്. നിയമസഭയുടെ പ്രവര്‍ത്തനം അധിക സമയവും പ്രകടനാത്മകവും പ്രചരണാത്മകവുമായി പോകുന്നു. ഗൗരവമായി കാര്യങ്ങളെ സമീപിക്കേണ്ട സമയം കഴിഞ്ഞു. കേരളം ഊഷരഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വളരെ ലാഘവ ബുദ്ധിയോടെ നമ്മള്‍ വായിച്ചു തള്ളുകയാണ്. നിയമങ്ങള്‍ ഇങ്ങനെ പാസാക്കി കൂട്ടിയിട്ട് കാര്യമുണ്ടോ. പാസാക്കിയ നിയമങ്ങളെക്കുറിച്ച് ഒരു പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഒരു നിര്‍ദ്ദേശം വെച്ചു. അതു നല്ലതാണ്. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ കൊണ്ട് അലമാരകള്‍ നിറഞ്ഞിരിക്കുന്നു. പഠന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. നമുക്ക് മുന്നില്‍ കുറേ പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഞാന്‍ കൈകാര്യം ചെയ്തു. നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂട്ടാന്‍ കുറെയുണ്ട്. ഇ-ലിറ്ററസി, ഡിജിറ്റലൈസേഷന്‍, കണക്ടിവിറ്റി, ഇ-ഗവേണന്‍സ്, ഇ-ഡിസ്ട്രിക്ട്, ഇന്നൊവേഷന്‍, ഇ-പ്രൊക്യൂര്‍മെന്റ് തുടങ്ങി നിരവധി കാര്യങ്ങള്‍ നേട്ടങ്ങളുടെ പട്ടികയിലേക്ക് വന്നു. ഇതിലൊക്കെ കേരളം ഇപ്പോള്‍ ഒന്നാമതാണ്. ഡിജിറ്റല്‍ സൊസൈറ്റിയായി കേരളം മാറി കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അങ്ങനെ ഒരു പ്രഖ്യാപനവും നടത്തി. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്നാല്‍ വളരെ ഗൂരുതരമായ രണ്ട് മൂന്ന് പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ഇടതുമുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. യു.ഡി.എഫ് പ്രതിപക്ഷത്താണ്. പക്ഷേ സഹകരിച്ച് ആലോചിക്കേണ്ട വിഷയമാണ്. യൂറോപ്പില്‍ മരുഭൂമി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയുന്നത്. നമ്മുടെ സംസ്ഥാനവും മരുഭൂമിയാകുമോ. കാലാവസ്ഥയില്‍ വമ്പിച്ച വ്യതിയാനമുണ്ട്. നിയമസഭ കൂട്ടായി ആലോചിക്കേണ്ട വിഷയമാണിത്. കേരളം 60 ആണ്ട് തികക്കുന്ന ഈ വേളയില്‍ വളരെ കൂട്ടായി ആലോചിക്കേണ്ട വിഷയമാണിത്. അതുപോലെ മാലിന്യ പ്രശ്‌നം. ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തി. കേരളത്തില്‍ എവിടെയും മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ സമ്മതിക്കാത്ത സ്ഥിതിയുണ്ട്. അപ്പോള്‍ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് എന്താണ് വഴി. കേരളം മാലിന്യം കൊണ്ട് നിറയുകയാണ്. കുടിവെള്ള സ്രോതസ്സുകളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. സമകാലിക കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണിത്. ഇതിന് നിയമം പാസ്സാക്കി കൊണ്ടിരുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇതിന് ശരിയായ പരിഹാരമാര്‍ഗം ഉണ്ടാകേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. അതിന് എന്താണ് ചെയ്യാന്‍ കഴിയുക. ഐ.ടി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ വേര്‍തിരിച്ച് നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലായ്‌പ്പോഴും ഗള്‍ഫ് ഉണ്ടാകില്ല. ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗള്‍ഫിലെ സ്വദേശി വല്‍ക്കരണം ചെറുതായി കാണേണ്ട. അത് വളരെ വേഗം നടപ്പാക്കികൊണ്ടിരിക്കുകയാണ്. സഊദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം എല്ലാ രംഗത്തും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും വരികയാണ്. അവര്‍ക്ക് വരുമാനമില്ലെങ്കില്‍ അവര്‍ വിദേശ തൊഴിലാളികളുടെ സേവനം നിര്‍ത്തും. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നമ്മള്‍ അഭിമാനം കൊള്ളുന്നുണ്ട്. എന്നാല്‍ ഇടയ്ക്ക് ഗള്‍ഫ് കൂടി വന്നില്ലായിരുന്നെങ്കില്‍ ഇപ്പോഴുള്ള നിലയില്‍ അഭിമാനിക്കാന്‍ കഴിയുമായിരുന്നില്ല. പുരോഗതിക്കായി നമ്മള്‍ നടത്തിയ പരിശ്രമത്തിനൊപ്പം, മലയാളികള്‍ ഗള്‍ഫില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും പോയി നടത്തിയ പരിശ്രമം ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ അഭിമാനകരമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വളരെ കുറവ് വരുന്നുണ്ട്. ആ രീതിയിലുള്ള വരുമാനം തന്നെ നിലക്കാന്‍ പോകുകയാണ്. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നിയമസഭ വളരെ ആത്മാര്‍ത്ഥതയോടെ ആലോചിക്കേണ്ട സമയമായി. ക്യാമറയുടെ മുന്നിലാണ് എന്നതുകൊണ്ട് എപ്പോഴും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നാല്‍ അതിനൊരു കുഴപ്പമുണ്ട്. നമ്മള്‍ പറയുന്നതൊക്കെ ജനങ്ങള്‍ കാണും, അപ്പോള്‍ അതിനനുസരിച്ച് സംസാരിക്കേണ്ടിവരും. നമ്മുടെ ഉപബോധമനസ്സില്‍ അങ്ങനെയൊരു തോന്നലുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളെ നമ്മള്‍ അഭിമുഖീകരിക്കുന്നില്ല. കേരളം പിന്നിട്ട അറുപത് വര്‍ഷത്തെക്കുറിച്ച് അവലോകനം നടത്തുമ്പോള്‍ നമ്മള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് കൂടി ആലോചിക്കാന്‍ പ്രേരണ ഉണ്ടാകണം.

(കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ നിയമസഭയില്‍ ചേര്‍ന്ന പ്രത്യേകസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)