Article
കടക്കെണിയും മരംമുറിയും കൊറോണയും

പുത്തൂര്‍ റഹ്മാന്
വയനാട്ടിലെ മുട്ടില്‍ മരംകൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ വയനാട്ടില്‍നിന്നും മറ്റൊരു വാര്‍ത്തയും ശ്രദ്ധ ആകര്‍ഷിച്ചു. കോവിഡ് കാലത്തു പൂട്ടിയ കേരളത്തിലെ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ വയനാട്ടില്‍മാത്രം ഒറ്റദിവസത്തെ വില്പന രണ്ടുകോടി രൂപ. പതിനഞ്ചുകോടിയുടെ മരംകൊള്ള നടന്ന നാട്ടില്‍നിന്നും സര്‍ക്കാറിനു വേണമെങ്കില്‍ അതിലേറെ വരുമാനം ഇങ്ങനെ തിരിച്ചുപിടിക്കാം. മരംകൊള്ള മരങ്ങളെ കൊന്നിട്ടാണെങ്കില്‍ മദ്യലാഭം മനുഷ്യരെ കൊന്നിട്ടാണെന്നുമാത്രം. കോവിഡുകാരണം ജനങ്ങള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളില്‍ നിയന്ത്രണവും തുടര്‍ന്നു നിരോധനവും വേണ്ടിവന്നു. എന്നാലിപ്പോള്‍ സര്‍ക്കാറിനു ലാഭം കിട്ടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരികയാണ്. ജനങ്ങള്‍ ഒത്തുകൂടുന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കാര്‍ക്കശ്യം ബാക്കി. ബാക്കിയെല്ലാ സ്ഥലങ്ങളിലും ആളുകൂടുന്ന സ്ഥിതിവന്നു. സര്‍ക്കാര്‍ ഫ്രണ്ട്ലിയായി പെരുമാറുന്ന ഒരു വൈറസ് ആണോ കൊറോണയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍ അതിന്റെ കൂടലും കുറയലുമെന്നു ചുരുക്കം. ജനം മഹാമാരി കൊണ്ടു വലയുകയും ഭരണകൂടം മഹാമാരിയുടെ മറവില്‍ വേണ്ടതെല്ലാം ഒപ്പിച്ചുകൂട്ടുകയും ചെയ്യുന്നു. ഉത്തരവാദിത്തബോധമുള്ള നല്ല പൗരന്മാരാകാനുള്ള പ്രതിബദ്ധത ജനങ്ങളില്‍ പതുക്കെ അനുസരണശീലമായും അടിമത്തമായും മാറിക്കൊണ്ടിരിക്കുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത ജനാധിപത്യമാണ് ഒരര്‍ത്ഥത്തില്‍ കോവിഡ് സാധ്യമാക്കിയതെന്നുതന്നെ പറയാം. അതുകൊണ്ട് എതിര്‍പ്പ് പേടിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാരുകള്‍ കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പെരുമാറുന്നത്.
കേരളത്തിലെ എട്ടു ജില്ലകളില്‍ വ്യാപക വനംകൊള്ള നടന്നതായാണ് ഇപ്പോള്‍ അറിവായത്. വയനാട്ടിലെ മരംകൊള്ളയുമായി ബന്ധപ്പെട്ടു റവന്യു വകുപ്പും വനംവകുപ്പും തമ്മില്‍ അഭിപ്രായഭിന്നതയുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമപാലനത്തെയും നോക്കുകുത്തിയാക്കുന്ന ലോബിയിംഗ് ഓരോ ഇടപാടുകളിലും എത്ര കൃത്യമായാണ് നടക്കുന്നതെന്ന് ഓരോ സംഭവവും മനസ്സിലാക്കിത്തരുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് പ്രതിപക്ഷം ഇടപെട്ടു മുടക്കിയ പല ഇടപാടുകളും വിവിധ കോര്‍പറേറ്റ് ലോബികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഡാറ്റാകൈമാറ്റം മുതല്‍ കടല്കൈമാറ്റം വരേയുണ്ടതില്‍. മരംകൊള്ളയില്‍ വനഭൂമിയുമായും പട്ടയഭൂമിയുമായും ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ‘ദുരുപയോഗം’ ചെയ്തുവെന്നത് ഉറപ്പാണ്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന ഉത്തരവ് ഇറക്കാനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ ധാരണയില്‍ കൃത്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ നടന്നതായാണ് വ്യക്തമായിരിക്കുന്നത്. വനംകൊള്ളക്കുള്ള പഴുതുകളുണ്ടാക്കി ഉത്തരവ് ഇറങ്ങിയെന്നതു നല്കുന്ന സൂചന കുറ്റക്കാര്‍ക്ക് അനുകൂലമായ നിയമഭേദഗതി മനപ്പൂര്‍വം നടത്തിയെന്നതു തന്നെയാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരംമുറിച്ച് മാറ്റാമെന്ന ഉത്തരവിലാണ് കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. അതില്‍തന്നെ മരം മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന വാചകം വരെ കടന്നുകൂടി, അത്രയും കൃത്യമായ ആസൂത്രണമാണ് നടന്നത്. അന്തര്‍സംസ്ഥാന മാഫിയകള്‍ക്കുപോലും പങ്കുള്ളതാണ് മരം കൊള്ളയെന്ന വാര്‍ത്തകൂടി കൂട്ടിവായിച്ചാല്‍ ഈ ഉത്തരവ് ആരുടെ താല്പര്യത്തിലാണ് ഇറങ്ങിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവ് റവന്യുവകുപ്പ് പുറത്തിറക്കിയത് മന്ത്രിസഭായോഗത്തില്‍പോലും ചര്‍ച്ച ചെയ്യാതെയാണത്രെ. നിയമ വകുപ്പും ഈ ഉത്തരവിന്റെ കാര്യമറിഞ്ഞില്ല. മരംകൊള്ളയില്‍ പ്രതിയായവര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരംമുറിച്ചതെന്നും അതിനാല്‍ തെറ്റുകാരല്ലെന്നും വാദിച്ചു തലയൂരാമെന്നു ചുരുക്കം. മാസ്ക് വെക്കാത്തതിനു സാധാരണക്കാരനു പിഴ ലഭിക്കുന്ന നാട്ടിലാണീ നിയമപരമായ പരിരക്ഷ പൊതുമുതല്‍ കൊള്ള ചെയ്യുന്നവര്‍ക്കു ലഭിക്കുന്നത്.
ഒരുവശത്തു കോവിഡ് മഹാമാരി, മറുവശത്തു ദുസ്സഹമായ ജനജീവിതാവസ്ഥകള്, സാമ്പത്തിക തകര്‍ച്ച, ഇതിനെല്ലാമിടക്കാണ് ഭരണകൂടത്തിന്റെ അറിവോടെ മരംകൊള്ളയടക്കമുള്ള പൊതുസ്വത്തുക്കളുടെ തിരിമറി നടക്കുന്നത്. കേന്ദ്ര ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്കാണ് പൊതുസ്വത്തുക്കള്‍ പതിച്ചുനല്‍കുന്നതെങ്കില്‍ കേരളം ചെറു ലോബികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നു. ജനത്തിന്റെ വായടക്കാന്‍ കോവിഡു മുതല്‍ ബ്രണ്ണന്‍ കോളജിലെ ഭൂതകാലക്കളരി വരേയുള്ള ചര്‍ച്ചാവിഷയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു സര്‍ക്കാര്‍ പ്രതിരോധമൊരുക്കുന്നു. ഏതു പ്രശ്നം വരുമ്പോഴും കേന്ദ്രത്തിന്റെ അതേ മാതൃക തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. സംസ്ഥാനത്തിന്റെ റവന്യുവരുമാനം കോവിഡിനും മുമ്പേ ഇടിഞ്ഞു തുടങ്ങിയിരുന്നു. ലോക്ഡൗണ്‍ ഒഴിവാക്കി മദ്യശാലകള്‍ തുറന്ന ദിവസത്തെ റെക്കോര്‍ഡ് കച്ചവടം തരുന്ന സൂചനയും അതുതന്നെ. ബിവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് വില്പന കേന്ദ്രങ്ങളിലൂടെ 64 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കേരളം വിറ്റത്. ആഘോഷ വേളകളില്‍ കേരളത്തിലെ കൂടിയ മദ്യവില്പന എഴുപതുകോടിയാണ്. അത്രത്തോളം വില്പനയാണ് ഒരു സാധാരണ ദിവസമുണ്ടായത്. പൊതുസ്വത്തുക്കളുടെ മറിച്ചുവില്പനയും മദ്യവില്പ്പനയുമൊക്കെയാണ് കേരളത്തിലെ പൊതുഭരണമിപ്പോള്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയിലധികമായിരുന്നു. സംസ്ഥാന രൂപവത്കരണത്തിന്ശേഷമുള്ള കാലത്തെ മൊത്തം കടമായിരുന്നു അത്. 2016 ജൂണ്‍ മാസം ധനമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കാണത്. മുന്‍ സര്‍ക്കാരുകള്‍ നികുതി പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ കടത്തിന്റെ തിരിച്ചടവുകള്‍ മുടങ്ങിയെന്ന അതിനിശിതമായ വിമര്‍ശനമാണ് ധനമന്ത്രി അന്നുന്നയിച്ചത്. ഇന്നദ്ദേഹം ധനമന്ത്രിയല്ല, മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരിക്കും മുന്‍ ധനമന്ത്രി. 2021 അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടി രൂപ കടക്കുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഇന്ത്യയിലേറ്റവുമധികം കടഭാരമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. നികുതി പിരിവു കര്ശനമാക്കിയില്ലെന്നതിന്റെ പേരില്‍ മുമ്പത്തെ ഗവണ്മെന്റിനെ കുറ്റപ്പെടുത്തിയ സര്‍ക്കാരിന്റെ കാലത്താണ് ഒരേസമയം വന്‍ കടബാധ്യത വരുത്തിയതും മരംകൊള്ള പോലുള്ള ധനനഷ്ടത്തിനു വഴിയൊരുക്കിയതും എന്നതുകൂടി ചേര്‍ത്തുവായിക്കുക. പിണറായി സര്‍ക്കാറിന്റെ രണ്ടാം വരവ് ആര്‍ക്കൊക്കെയാണ് ഗുണകരമാവുകയെന്ന് തിരിച്ചറിയാനാകും.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും നികുതി കുടിശിക സമാഹരണത്തിലൂടെയും റവന്യു റിക്കവറികളിലൂടെയും സമാഹരിക്കാവുന്ന ആയിരക്കണക്കിന് കോടി രൂപ വേണ്ടെന്നു വെച്ചതായാണ് കണക്കുകള്‍. ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു ഫയലുകളുടെമേല്‍ നികുതിവകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് ഭരണത്തില്‍ നികുതി പിരിവു മുറക്കു നടന്നില്ലെന്നു കുറ്റപ്പെടുത്തി ധവളപത്രമിറക്കിയവര്‍ ജി. എസ്.ടി നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുകയും നികുതി സമാഹരണം വിട്ടുകളയുകയും ചെയ്തു. സാധാരണക്കാരെ പിഴിയുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും തീരുവ വഴി വരുമാനം കൂട്ടുകയും സമ്പന്നമൂലധന വിഭാഗങ്ങളെ നികുതിയില്‍ പെടുത്താതിരിക്കുകയും അവരില്‍നിന്നും സി.എസ്. ആര് ഫണ്ടുകള്‍മാത്രം വാങ്ങി പാവങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടത്തുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. വികസന പദ്ധതികള്‍ കോര്‍പറേറ്റുകളെ ഏല്പിച്ച് അവരുടെ സഹായി മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി ഭരണകൂടത്തെ മാറ്റുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും വലിയ വിപത്താണ് മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്നത്. മരംകൊള്ള നടത്തിയവര്‍ക്കു രക്ഷപ്പെടാന്‍ പാകത്തിലുള്ള ഉത്തരവുകള്‍ ആദ്യം സര്‍ക്കാര്‍ തയ്യാറാക്കി അവ പുറത്തിറക്കുന്നു. ശേഷമാണ് മരംകൊള്ള നടന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ കേന്ദ്രം പാസാക്കിയെടുക്കുന്നതു പോലെയുള്ള രീതിയാണിത്. സാമൂഹിക മേഖലകളില്‍നിന്ന് ഭരണകൂടം പിന്‍വാങ്ങുന്നു; ലോബിയിങും മുതലാളിത്തവുമായുള്ള ചങ്ങാത്തവും സര്‍ക്കാറിന്റെ പ്രവര്‍ത്തനരീതിയായി മാറുന്നു. അടുത്ത പടിയായി, അവര്‍ക്കു നിയമ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടക്കുന്നു. പാസാക്കുന്നതിനുവേണ്ട നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ എഴുതി നല്കുന്നു. ഇന്ത്യയിലെ പുതിയ കര്‍ഷക ബില്ലില്‍ ഇതു കണ്ടതാണ്. മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് എന്നതുപോലെ പാര്‍ലമെന്റില്‍ പെയ്ഡ് ബില്ലുകള്‍ സാധ്യമാക്കിയാണ് മുതലാളിത്തം ജനാധിപത്യത്തെ റാഞ്ചുന്നത്. അതുവഴി കോര്‍പറേറ്റ് മേഖല നേരിടുന്ന പരിമിതമായ എതിര്‍പ്പുകള്‍പോലും ഇല്ലാതാക്കുകയാണ്. നിക്ഷിപ്ത താല്പര്യങ്ങള്ക്കെതിരെ ജനങ്ങളുടെ അഭിലാഷത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്ന ജനാധിപത്യത്തിന്റെ മൂല്യത്തെയാണ് ഇതു കാറ്റില്‍ പറത്തുന്നത്. ഒപ്പം കേരളം കടംവാങ്ങി വികസനം സാധ്യമാക്കുന്ന സംസ്ഥാനമായാണ് വളരുന്നത്. കിഫ്ബി എന്ന കോര്‍പറേറ്റ് ബോഡിയുണ്ടാക്കിയതുതന്നെ അതിനുവേണ്ടിയാണ്. കിഫ്ബി സമാഹരിക്കുന്ന വായ്പയും ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സികളും ആഭ്യന്തര കോര്‍പറേറ്റുകളും നല്കുന്ന കടവും കേരളം വാങ്ങിക്കൂട്ടുകയാണ്.
മുതലും പലിശയുമുള്‍പ്പെടെ അതിഭീമമായ കടബാധ്യതയാണ് വരാനിരിക്കുന്നത്. വിദേശസ്വദേശ വായ്പകളിലും കോര്‍പറേറ്റ് നിയന്ത്രണത്തിലും അധിഷ്ഠിതമായ പദ്ധതികള്‍ കേരളത്തില്‍ വന്‍ വികസനം കൊണ്ടുവരുമെന്നാണു സങ്കല്പം. ഈ ഏജന്‍സികളുടെ താല്പര്യം സംരക്ഷിക്കുകകൂടി ഭാവിയില്‍ സര്‍ക്കാരിന്റെ ബാധ്യതയായിത്തീരും. അതിന്റെ ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംരംഭങ്ങളില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം കുറയുകയും ജി.എസ്.ടി പോലുള്ള നികുതി പരിഷ്കാരങ്ങളും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നികുതി ഒഴിവാക്കിനല്കലും ഖജനാവ് കാലിയാക്കുമ്പോഴാണ് മരംകൊള്ളയും കടംവാങ്ങലുമൊക്കെ തുടരുന്നതും. കേരളത്തിന്റെ ഭാവി കടത്തിലും കൊള്ളയിലുമാവാതെ നോക്കാല്‍ ജനം ജാഗ്രത കാണിക്കേണ്ടതിന്റെ ആവശ്യമാണ് മുട്ടില്‍ മരംകൊള്ള നല്കുന്ന മുന്നറിയിപ്പ്.

അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india2 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india2 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
kerala2 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍