Connect with us

Article

കടക്കെണിയും മരംമുറിയും കൊറോണയും

Published

on

 പുത്തൂര്‍ റഹ്മാന്‍

 

വയനാട്ടിലെ മുട്ടില്‍ മരംകൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ വയനാട്ടില്‍നിന്നും മറ്റൊരു വാര്‍ത്തയും ശ്രദ്ധ ആകര്‍ഷിച്ചു. കോവിഡ് കാലത്തു പൂട്ടിയ കേരളത്തിലെ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ വയനാട്ടില്‍മാത്രം ഒറ്റദിവസത്തെ വില്‍പന രണ്ടുകോടി രൂപ. പതിനഞ്ചുകോടിയുടെ മരംകൊള്ള നടന്ന നാട്ടില്‍നിന്നും സര്‍ക്കാറിനു വേണമെങ്കില്‍ അതിലേറെ വരുമാനം ഇങ്ങനെ തിരിച്ചുപിടിക്കാം. മരംകൊള്ള മരങ്ങളെ കൊന്നിട്ടാണെങ്കില്‍ മദ്യലാഭം മനുഷ്യരെ കൊന്നിട്ടാണെന്നുമാത്രം. കോവിഡുകാരണം ജനങ്ങള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളില്‍ നിയന്ത്രണവും തുടര്‍ന്നു നിരോധനവും വേണ്ടിവന്നു. എന്നാലിപ്പോള്‍ സര്‍ക്കാറിനു ലാഭം കിട്ടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരികയാണ്. ജനങ്ങള്‍ ഒത്തുകൂടുന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കാര്‍ക്കശ്യം ബാക്കി. ബാക്കിയെല്ലാ സ്ഥലങ്ങളിലും ആളുകൂടുന്ന സ്ഥിതിവന്നു. സര്‍ക്കാര്‍ ഫ്രണ്ട്‌ലിയായി പെരുമാറുന്ന ഒരു വൈറസ് ആണോ കൊറോണയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍ അതിന്റെ കൂടലും കുറയലുമെന്നു ചുരുക്കം. ജനം മഹാമാരി കൊണ്ടു വലയുകയും ഭരണകൂടം മഹാമാരിയുടെ മറവില്‍ വേണ്ടതെല്ലാം ഒപ്പിച്ചുകൂട്ടുകയും ചെയ്യുന്നു. ഉത്തരവാദിത്തബോധമുള്ള നല്ല പൗരന്മാരാകാനുള്ള പ്രതിബദ്ധത ജനങ്ങളില്‍ പതുക്കെ അനുസരണശീലമായും അടിമത്തമായും മാറിക്കൊണ്ടിരിക്കുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത ജനാധിപത്യമാണ് ഒരര്‍ത്ഥത്തില്‍ കോവിഡ് സാധ്യമാക്കിയതെന്നുതന്നെ പറയാം. അതുകൊണ്ട് എതിര്‍പ്പ് പേടിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാരുകള്‍ കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പെരുമാറുന്നത്.

കേരളത്തിലെ എട്ടു ജില്ലകളില്‍ വ്യാപക വനംകൊള്ള നടന്നതായാണ് ഇപ്പോള്‍ അറിവായത്. വയനാട്ടിലെ മരംകൊള്ളയുമായി ബന്ധപ്പെട്ടു റവന്യു വകുപ്പും വനംവകുപ്പും തമ്മില്‍ അഭിപ്രായഭിന്നതയുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമപാലനത്തെയും നോക്കുകുത്തിയാക്കുന്ന ലോബിയിംഗ് ഓരോ ഇടപാടുകളിലും എത്ര കൃത്യമായാണ് നടക്കുന്നതെന്ന് ഓരോ സംഭവവും മനസ്സിലാക്കിത്തരുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് പ്രതിപക്ഷം ഇടപെട്ടു മുടക്കിയ പല ഇടപാടുകളും വിവിധ കോര്‍പറേറ്റ് ലോബികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഡാറ്റാകൈമാറ്റം മുതല്‍ കടല്‍കൈമാറ്റം വരേയുണ്ടതില്‍. മരംകൊള്ളയില്‍ വനഭൂമിയുമായും പട്ടയഭൂമിയുമായും ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ‘ദുരുപയോഗം’ ചെയ്തുവെന്നത് ഉറപ്പാണ്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന ഉത്തരവ് ഇറക്കാനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ ധാരണയില്‍ കൃത്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ നടന്നതായാണ് വ്യക്തമായിരിക്കുന്നത്. വനംകൊള്ളക്കുള്ള പഴുതുകളുണ്ടാക്കി ഉത്തരവ് ഇറങ്ങിയെന്നതു നല്‍കുന്ന സൂചന കുറ്റക്കാര്‍ക്ക് അനുകൂലമായ നിയമഭേദഗതി മനപ്പൂര്‍വം നടത്തിയെന്നതു തന്നെയാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരംമുറിച്ച് മാറ്റാമെന്ന ഉത്തരവിലാണ് കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. അതില്‍തന്നെ മരം മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന വാചകം വരെ കടന്നുകൂടി, അത്രയും കൃത്യമായ ആസൂത്രണമാണ് നടന്നത്. അന്തര്‍സംസ്ഥാന മാഫിയകള്‍ക്കുപോലും പങ്കുള്ളതാണ് മരം കൊള്ളയെന്ന വാര്‍ത്തകൂടി കൂട്ടിവായിച്ചാല്‍ ഈ ഉത്തരവ് ആരുടെ താല്‍പര്യത്തിലാണ് ഇറങ്ങിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവ് റവന്യുവകുപ്പ് പുറത്തിറക്കിയത് മന്ത്രിസഭായോഗത്തില്‍പോലും ചര്‍ച്ച ചെയ്യാതെയാണത്രെ. നിയമ വകുപ്പും ഈ ഉത്തരവിന്റെ കാര്യമറിഞ്ഞില്ല. മരംകൊള്ളയില്‍ പ്രതിയായവര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരംമുറിച്ചതെന്നും അതിനാല്‍ തെറ്റുകാരല്ലെന്നും വാദിച്ചു തലയൂരാമെന്നു ചുരുക്കം. മാസ്‌ക് വെക്കാത്തതിനു സാധാരണക്കാരനു പിഴ ലഭിക്കുന്ന നാട്ടിലാണീ നിയമപരമായ പരിരക്ഷ പൊതുമുതല്‍ കൊള്ള ചെയ്യുന്നവര്‍ക്കു ലഭിക്കുന്നത്.

ഒരുവശത്തു കോവിഡ് മഹാമാരി, മറുവശത്തു ദുസ്സഹമായ ജനജീവിതാവസ്ഥകള്‍, സാമ്പത്തിക തകര്‍ച്ച, ഇതിനെല്ലാമിടക്കാണ് ഭരണകൂടത്തിന്റെ അറിവോടെ മരംകൊള്ളയടക്കമുള്ള പൊതുസ്വത്തുക്കളുടെ തിരിമറി നടക്കുന്നത്. കേന്ദ്ര ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്കാണ് പൊതുസ്വത്തുക്കള്‍ പതിച്ചുനല്‍കുന്നതെങ്കില്‍ കേരളം ചെറു ലോബികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നു. ജനത്തിന്റെ വായടക്കാന്‍ കോവിഡു മുതല്‍ ബ്രണ്ണന്‍ കോളജിലെ ഭൂതകാലക്കളരി വരേയുള്ള ചര്‍ച്ചാവിഷയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു സര്‍ക്കാര്‍ പ്രതിരോധമൊരുക്കുന്നു. ഏതു പ്രശ്‌നം വരുമ്പോഴും കേന്ദ്രത്തിന്റെ അതേ മാതൃക തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. സംസ്ഥാനത്തിന്റെ റവന്യുവരുമാനം കോവിഡിനും മുമ്പേ ഇടിഞ്ഞു തുടങ്ങിയിരുന്നു. ലോക്ഡൗണ്‍ ഒഴിവാക്കി മദ്യശാലകള്‍ തുറന്ന ദിവസത്തെ റെക്കോര്‍ഡ് കച്ചവടം തരുന്ന സൂചനയും അതുതന്നെ. ബിവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലൂടെ 64 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കേരളം വിറ്റത്. ആഘോഷ വേളകളില്‍ കേരളത്തിലെ കൂടിയ മദ്യവില്‍പന എഴുപതുകോടിയാണ്. അത്രത്തോളം വില്‍പനയാണ് ഒരു സാധാരണ ദിവസമുണ്ടായത്. പൊതുസ്വത്തുക്കളുടെ മറിച്ചുവില്‍പനയും മദ്യവില്‍പ്പനയുമൊക്കെയാണ് കേരളത്തിലെ പൊതുഭരണമിപ്പോള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയിലധികമായിരുന്നു. സംസ്ഥാന രൂപവത്കരണത്തിന്‌ശേഷമുള്ള കാലത്തെ മൊത്തം കടമായിരുന്നു അത്. 2016 ജൂണ്‍ മാസം ധനമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കാണത്. മുന്‍ സര്‍ക്കാരുകള്‍ നികുതി പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ കടത്തിന്റെ തിരിച്ചടവുകള്‍ മുടങ്ങിയെന്ന അതിനിശിതമായ വിമര്‍ശനമാണ് ധനമന്ത്രി അന്നുന്നയിച്ചത്. ഇന്നദ്ദേഹം ധനമന്ത്രിയല്ല, മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരിക്കും മുന്‍ ധനമന്ത്രി. 2021 അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടി രൂപ കടക്കുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഇന്ത്യയിലേറ്റവുമധികം കടഭാരമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. നികുതി പിരിവു കര്‍ശനമാക്കിയില്ലെന്നതിന്റെ പേരില്‍ മുമ്പത്തെ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തിയ സര്‍ക്കാരിന്റെ കാലത്താണ് ഒരേസമയം വന്‍ കടബാധ്യത വരുത്തിയതും മരംകൊള്ള പോലുള്ള ധനനഷ്ടത്തിനു വഴിയൊരുക്കിയതും എന്നതുകൂടി ചേര്‍ത്തുവായിക്കുക. പിണറായി സര്‍ക്കാറിന്റെ രണ്ടാം വരവ് ആര്‍ക്കൊക്കെയാണ് ഗുണകരമാവുകയെന്ന് തിരിച്ചറിയാനാകും.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും നികുതി കുടിശിക സമാഹരണത്തിലൂടെയും റവന്യു റിക്കവറികളിലൂടെയും സമാഹരിക്കാവുന്ന ആയിരക്കണക്കിന് കോടി രൂപ വേണ്ടെന്നു വെച്ചതായാണ് കണക്കുകള്‍. ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു ഫയലുകളുടെമേല്‍ നികുതിവകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് ഭരണത്തില്‍ നികുതി പിരിവു മുറക്കു നടന്നില്ലെന്നു കുറ്റപ്പെടുത്തി ധവളപത്രമിറക്കിയവര്‍ ജി. എസ്.ടി നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുകയും നികുതി സമാഹരണം വിട്ടുകളയുകയും ചെയ്തു. സാധാരണക്കാരെ പിഴിയുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും തീരുവ വഴി വരുമാനം കൂട്ടുകയും സമ്പന്നമൂലധന വിഭാഗങ്ങളെ നികുതിയില്‍ പെടുത്താതിരിക്കുകയും അവരില്‍നിന്നും സി.എസ്. ആര്‍ ഫണ്ടുകള്‍മാത്രം വാങ്ങി പാവങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടത്തുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. വികസന പദ്ധതികള്‍ കോര്‍പറേറ്റുകളെ ഏല്‍പിച്ച് അവരുടെ സഹായി മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി ഭരണകൂടത്തെ മാറ്റുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്.

ഇതിന്റെ ഏറ്റവും വലിയ വിപത്താണ് മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്നത്. മരംകൊള്ള നടത്തിയവര്‍ക്കു രക്ഷപ്പെടാന്‍ പാകത്തിലുള്ള ഉത്തരവുകള്‍ ആദ്യം സര്‍ക്കാര്‍ തയ്യാറാക്കി അവ പുറത്തിറക്കുന്നു. ശേഷമാണ് മരംകൊള്ള നടന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ കേന്ദ്രം പാസാക്കിയെടുക്കുന്നതു പോലെയുള്ള രീതിയാണിത്. സാമൂഹിക മേഖലകളില്‍നിന്ന് ഭരണകൂടം പിന്‍വാങ്ങുന്നു; ലോബിയിങും മുതലാളിത്തവുമായുള്ള ചങ്ങാത്തവും സര്‍ക്കാറിന്റെ പ്രവര്‍ത്തനരീതിയായി മാറുന്നു. അടുത്ത പടിയായി, അവര്‍ക്കു നിയമ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടക്കുന്നു. പാസാക്കുന്നതിനുവേണ്ട നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ എഴുതി നല്‍കുന്നു. ഇന്ത്യയിലെ പുതിയ കര്‍ഷക ബില്ലില്‍ ഇതു കണ്ടതാണ്. മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് എന്നതുപോലെ പാര്‍ലമെന്റില്‍ പെയ്ഡ് ബില്ലുകള്‍ സാധ്യമാക്കിയാണ് മുതലാളിത്തം ജനാധിപത്യത്തെ റാഞ്ചുന്നത്. അതുവഴി കോര്‍പറേറ്റ് മേഖല നേരിടുന്ന പരിമിതമായ എതിര്‍പ്പുകള്‍പോലും ഇല്ലാതാക്കുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ അഭിലാഷത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്ന ജനാധിപത്യത്തിന്റെ മൂല്യത്തെയാണ് ഇതു കാറ്റില്‍ പറത്തുന്നത്. ഒപ്പം കേരളം കടംവാങ്ങി വികസനം സാധ്യമാക്കുന്ന സംസ്ഥാനമായാണ് വളരുന്നത്. കിഫ്ബി എന്ന കോര്‍പറേറ്റ് ബോഡിയുണ്ടാക്കിയതുതന്നെ അതിനുവേണ്ടിയാണ്. കിഫ്ബി സമാഹരിക്കുന്ന വായ്പയും ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സികളും ആഭ്യന്തര കോര്‍പറേറ്റുകളും നല്‍കുന്ന കടവും കേരളം വാങ്ങിക്കൂട്ടുകയാണ്.

മുതലും പലിശയുമുള്‍പ്പെടെ അതിഭീമമായ കടബാധ്യതയാണ് വരാനിരിക്കുന്നത്. വിദേശസ്വദേശ വായ്പകളിലും കോര്‍പറേറ്റ് നിയന്ത്രണത്തിലും അധിഷ്ഠിതമായ പദ്ധതികള്‍ കേരളത്തില്‍ വന്‍ വികസനം കൊണ്ടുവരുമെന്നാണു സങ്കല്‍പം. ഈ ഏജന്‍സികളുടെ താല്‍പര്യം സംരക്ഷിക്കുകകൂടി ഭാവിയില്‍ സര്‍ക്കാരിന്റെ ബാധ്യതയായിത്തീരും. അതിന്റെ ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംരംഭങ്ങളില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം കുറയുകയും ജി.എസ്.ടി പോലുള്ള നികുതി പരിഷ്‌കാരങ്ങളും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നികുതി ഒഴിവാക്കിനല്‍കലും ഖജനാവ് കാലിയാക്കുമ്പോഴാണ് മരംകൊള്ളയും കടംവാങ്ങലുമൊക്കെ തുടരുന്നതും. കേരളത്തിന്റെ ഭാവി കടത്തിലും കൊള്ളയിലുമാവാതെ നോക്കാല്‍ ജനം ജാഗ്രത കാണിക്കേണ്ടതിന്റെ ആവശ്യമാണ് മുട്ടില്‍ മരംകൊള്ള നല്‍കുന്ന മുന്നറിയിപ്പ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending