ചെന്നൈ: പട്ടാപ്പകല്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ അക്രമിസംഘം കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവിന്റെ അറുത്തെടുത്ത തലയുമായി അക്രമികള്‍ ബൈക്ക് യാത്ര നടത്തി. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ ഉപേക്ഷിച്ചതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈ ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് രാജേഷ് ജയിച്ചത്.

2015ലെ കൊലപാതകവുമായി ഇതിന് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. 2014ല്‍ സമുദായ സംഘടനയുടെ ബാനര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രാജേഷിന്റെ ബന്ധു കൊല്ലപ്പെട്ടു. രാജേഷ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.ഇതിന് പ്രതികാരമെന്നോണം രാജേഷിന്റെ അനുയായികള്‍ സംഘടനയിലെ ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വൈരാഗ്യം തീര്‍ത്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു.