തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി. ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണത്തിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യുഡിഎഫ്.-ബിജെപി. കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളം മുഴുവനും ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബിജെപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടിചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്.

ഇതുവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ലന്നോര്‍ക്കണം. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. യഥാര്‍ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.