തിരുവനന്തപുരം: എംഎം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എംഎം മണി മന്ത്രിയായി തുടരുന്നതില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. മണി തുടരുന്നത് കേരളത്തിന്റെധാര്‍മ്മികതക്ക് വിരുദ്ധമാണ്. മണിക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധം സംഘടിപ്പിക്കും. മൂന്നാം തിയ്യതി ചേരുന്ന യുഡിഎഫ് യോഗത്തില്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

റേഷന്‍ വിതരണത്തിലെ സ്തംഭനത്തിനെതിരേയും പ്രതിഷേധം സംഘടിപ്പിക്കും. ക്രിസ്മസിനും പുതുവര്‍ഷത്തിലും അരി വിതരണമുള്‍പ്പെടെയുള്ളവ നടത്തിയിട്ടില്ല. കേരളത്തിലേയും കേന്ദ്രത്തിലേയും ജനദ്രോഹഭരണം തുടരുകയാണ്. ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്ത് ശക്തമായ പ്രതിഷേധം നടത്തും. കെ മുരളീധരന്റെ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയാണ്. യുഡിഎഫിനെ ശക്തമാക്കണമെന്ന അഭിപ്രായമാണ് മുരളീധരന്റേത്. ഭരണത്തിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.