തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത സംസാരിക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് വര്‍ഗീയത പറയുന്നത്. ഇത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ട്.

ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ആദ്യം എന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചു. അത് ഫലിക്കില്ലായെന്ന് ബോധ്യപ്പെട്ടു. പിന്നീട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ളയാളെന്ന് തെളിഞ്ഞു. അപ്പോഴാണ് മറ്റൊരു വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.