തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോപണം ദുരുദ്ദേശപരമാണ്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും ആരോപണം സര്‍ക്കാറിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

15 വര്‍ഷമായി ബിനോയ് വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ 13 കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ല. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാറിന്റെ ബാധ്യതയില്‍ വരുന്നതല്ല. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു.

ലാളിത്യത്തിന്റെ പേരു പറയുന്നവരുടെ മക്കളാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.