ബെയ്ജിങ്: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ സമാധാന ദൂതുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഉത്തരകൊറിയ വിഷയത്തില്‍ അവധാനത കൈക്കൊള്ളണമെന്നും സംയമനത്തോടെ വേണം വിഷയം കൈകാര്യം ചെയ്യാനെന്നും ഷി ജിന്‍ പിങ് ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചു.

ഉത്തരകൊറിയ ലക്ഷ്യമിട്ട് നീങ്ങുന്ന യുഎസ് നാവിക വ്യൂഹത്തിനൊപ്പം ചേര്‍ന്ന ജപ്പാന്‍ നാവിക സേന സംയുക്ത സൈനികാഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് സമാധാന ശ്രമവുമായ ചൈനീസ് പ്രസിഡന്‍് രംഗത്തെത്തിയിരിക്കുന്നത്. യുഎന്‍ രക്ഷാസമിതിയുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ഏതു സൈനിക നടപടിയെയും ചൈന എതിര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ട്രംപിനെ അറിയിച്ചതായാണ് വിവരം.

ഉത്തരകൊറിയ മറ്റൊരു ആണവ പരീക്ഷണത്തിന് കോപ്പുകൂട്ടുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് ശേഷമാണ് ഉത്തരകൊറിയ ലക്ഷ്യമാക്കി യുഎസ് വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സന്‍ പുറപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഈ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏത് തീരത്തേക്കാണ് നീങ്ങുന്നതെന്നോ എവിടെ ചെന്ന് ചേരുമെന്നോ വെളിപ്പെടുത്താന്‍ യുഎസ് തയാറായതുമില്ല.

അതേസമയം, ഉത്തരകൊറിയക്കെതിരായ സൈനിക നീക്കം തുടര്‍ന്നാല്‍ യുഎസ് കാള്‍ വിന്‍സന്‍ പസഫിക്കില്‍ മുക്കുമെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രതികരിച്ചത്. അമേരിക്കയും ഉത്തരകൊറിയയും വിട്ടുവീഴ്ച ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സമാധാന ശ്രമത്തിനെത്തിയിരിക്കുന്നത്.