ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 50 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം ഐടിബിപി സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ചൈനീസ് ഭാഷയില്‍ അടിസ്ഥാന വിദ്യഭ്യാസം ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് പറഞ്ഞു. ഡല്‍ഹിയില്‍ പാരാ മിലിട്ടറി സൈനികരുടെ പ്രത്യേകയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിര്‍ത്തികളിലുള്ള സൈനിക പോസ്റ്റുകള്‍ ബന്ധിപ്പിക്കുന്ന 25 റോഡുകളുടെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തുന്നതിനുള്ള സാങ്കേക വിദ്യയും പ്രദേശത്ത് നടപ്പിലാക്കും. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 176 ഐടിബിപി പോസ്റ്റുകളാണ് ഇന്ത്യന്‍ ചൈനീസ് അതിര്‍ത്തിയിലുള്ളത്. ഈവയില്‍ പഴക്കം ചെന്ന 35ഓളം സൈനിക പോസ്റ്റുകള്‍ നവീകരിക്കുമെന്നും റോഡുകള്‍ നവീകരിപ്പുമെന്നും, മൊബൈല്‍ സാറ്റലൈറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സിങ് പറഞ്ഞു.