തിരുവനന്തപുരം: തിയേറ്റര്‍ സമരത്തെ തുടര്‍ന്ന് തടസപ്പെട്ട മലയാള സിനിമകളുടെ റിലീസിന് വഴി തുറക്കുന്നു. സമരം നടത്തുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ മള്‍ട്ടിപ്ലക്‌സുകള്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തിയേറ്ററുകള്‍, സര്‍ക്കാര്‍ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ സിനിമകള്‍ റിലീസ് ചെയ്യാനാണ് നീക്കം.

ആറോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. എന്നാല്‍ ഈ സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യാനാവില്ല. 12, 19, 26 തീയതികളിലായി ഓരോ സിനിമകള്‍ വീതം റിലീസ് ചെയ്യാനാണ് തീരുമാനം. വിനീത് നായകനാവുന്ന കാംഭോജി 12നും പൃഥ്വിരാജിന്റെ എസ്ര 19നും തിയേറ്ററിലെത്തും. ഇരുന്നൂറോളം തിയേറ്ററുകളിലായിരിക്കും റിലീസ്. റിലീസ് നീട്ടി വച്ച സിനിമകള്‍ ഒരുമിച്ച് തിയേറ്ററില്‍ എത്തിച്ചാല്‍ അത് നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാവുമെന്നതിനാലാണ് ഓരോ ആഴ്ച ഇടവിട്ട് റിലീസ് ചെയ്യുന്നത്.

സൂപ്പര്‍ഹിറ്റ് പ്രതീക്ഷ പുലര്‍ത്തുന്ന മോഹന്‍ലാല്‍ നായകനാവുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.
തമിഴ് താരം വിജയ് നായകനാകുന്ന ഭൈരവ കേരള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകളില്‍ നല്‍കേണ്ടെന്നു നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. വിജയ് ചിത്രം സംസ്ഥാനത്ത് 150 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.

ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം 34 തിയറ്ററുകളിലും വിനീത് അനില്‍ സംവിധാനം ചെയ്ത കവിയുടെ ഒസ്യത്ത് സര്‍ക്കാര്‍ തിയേറ്ററിലും ഇന്നലെ റിലീസ് ചെയ്തു. വിഹിതം വര്‍ധിപ്പിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യവും ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും വിസമ്മതിച്ചതുമാണ് സിനിമാ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.