കല്‍പ്പറ്റ: ബി.ജെ.പിക്കെതിരെ ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചിട്ടില്ലെന്ന് ജാനു പറഞ്ഞു. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വാര്‍ത്താസമ്മേളനത്തില്‍ ബി.ജെപിക്കെതിരെ ജാനു രൂക്ഷമായി പ്രതികരിച്ചു. പറഞ്ഞ വാക്ക് പാലിക്കാന്‍ ബി.ജെ.പിക്ക് ബാധ്യതയുണ്ട്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു പറഞ്ഞു.

ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും.നേരത്തെ ഭൂസമരങ്ങള്‍ ശക്തമാക്കുമെന്നും ജെ.ആര്‍.എസിനെ മുന്‍ നിര്‍ത്തി സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ബി.ജെ.പി പ്രഖ്യപിച്ചിരുന്നു എന്നാല്‍ ബി.ജെ.പി നടത്തുമെന്നു പറയുന്ന ഭൂസമരങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഇതുവരെ ചോദിച്ചിട്ടില്ലെന്നും ജാനു വ്യക്തമാക്കി.