ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസുകാരനെ 20 വയസുള്ള സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു. ഐഫോണിന്റെ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഏപ്രില്‍ 21ന് ഡല്‍ഹി പീതാംപുര മേഖലയിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥിയായ മായാങ്ക് സിങ്ങാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മകനെ കാണാനില്ലെന്ന് കാട്ടി പന്ത്രണ്ടാം ക്ലാസുകാരന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ചയാണ് മകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹത്തിന് അരികില്‍ നിന്ന് വലിപ്പം കൂടിയ ടെഡി ബിയര്‍ ലഭിച്ചിരുന്നു. പ്രദേശത്ത് നിന്ന് പൊലീസിന് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും കിട്ടിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഐഫോണിന്റെ പാസ്‌വേര്‍ഡ് പറഞ്ഞുതരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്.