പീരുമേട് : ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു.

10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്‌ക്കൊപ്പം വരികയായിരുന്നു. ഇവര്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം. ദിവസങ്ങളായി രാജയും രാജലക്ഷ്മിയും തമ്മില്‍ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേല്‍ സംശയം ഉണ്ടായിരുന്ന രാജ തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടില്‍ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു.

ഇരുവരും തമ്മില്‍ കലഹം നടക്കുന്നതായി രാജയുടെ അമ്മ അയല്‍ വീടുകളില്‍ അറിയിച്ചു എങ്കിലും കലഹം നിത്യ സംഭവം ആയതിനാല്‍ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോള്‍ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവ ശേഷം ഓടി ഒളിച്ച രാജെയ സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.