കണ്ണൂര്‍: സമര്‍പ്പിത ജീവിതം കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും അളവറ്റ സംഭാവനകള്‍ നല്‍കിയ മികച്ച പാര്‍ലമെന്റേറിയന്‍ ഇ.അഹമ്മദിന്റെ സ്മരണയില്‍ കണ്ണൂരില്‍ ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെയും മറ്റെന്നാളും സിറ്റി ഹംദര്‍ദ് സര്‍വകലാശാല അങ്കണത്തിലാണ് സമ്മേളനം.
പി.എം ഫൗണ്ടേഷന്‍ ആതിഥ്യമരുളുന്ന സമ്മേളനത്തില്‍ രാജ്യാന്തര പ്രശസ്തമായ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഐക്യരാഷ്ട്ര സഭ മോണ്ടിസറി മാതൃകാ സമ്മേളനത്തിന്റെ ഗുഡ്്‌വില്‍ അംബാസിഡര്‍ മലേഖ അരിവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന ഇ.അഹമ്മദ് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗ സമാഹാരം ‘ഇന്ത്യയുടെ ശബ്ദം ഐക്യരാഷ്ട്ര സഭയില്‍’ പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ പ്രസംഗവും നടക്കും. ഹംദര്‍ദ് സര്‍വകലാശാല, ഏഴിമല നേവല്‍ അക്കാദമി എന്നിവ ചേര്‍ന്ന് ഒരുക്കുന്ന പ്രദര്‍ശനവും ഇ.അഹമ്മദ് ജീവിതയാത്ര പ്രദര്‍ശനവും ഉണ്ടാകും.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ദേശീയ വിവരങ്ങള്‍ ഉള്‍കാഴ്ചയോടെ അവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഹംദര്‍ദ് സര്‍വകലാശാല ഡയറക്ടര്‍ ഡോ.ടി.പി മമ്മൂട്ടിയും കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് പൂതപ്പാറയും പറഞ്ഞു. രാജ്യാന്തര വിഷയങ്ങള്‍ ലോക നിലവാരത്തോടെ സ്വതന്ത്രവും ശക്തവുമായി അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും ഇരുവരും പറഞ്ഞു. ഇംഗ്ലീഷ്, മലയാള ഭാഷകളില്‍ വിഷയാവതരണമുണ്ടാകും. ഒമാനിലെ അല്‍ഗുബ്ര ഇന്ത്യന്‍ സ്‌കൂളാണ് പ്രധാന സംരംഭകര്‍.
വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ ലോക സമാധാനം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ആരോഗ്യം, മനുഷ്യാവകാശം, വിവര സാങ്കേതിക വിദ്യ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ അഭിസംബോധന ചെയ്യും. പ്രമുഖ നയതന്ത്ര വിദഗധരുമായും മഹത് വ്യക്തിത്വങ്ങളുമായും വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം ഷാജി, കെ.സി ജോസഫ്, വിദേശകാര്യ സെക്രട്ടറി അനില്‍ വാധ്വ, കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വികസന കോര്‍പ്പറേഷന്‍ എം.ഡി പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രന്ഥകാരന്‍ ഡോ.ജിതീഷ്, ദീനുല്‍ ഇസ്്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പള്‍ ടി.പി മഹറൂഫ് എന്നിവരും പങ്കെടുത്തു.