മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി. നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

എല്‍ഡിഎഫ് കുടുംബയോഗത്തില്‍ എംഎല്‍എ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. എംഎല്‍എയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

അത്സമയം, സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. അഞ്ച് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്. ഈ അഞ്ച് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.