വെള്ള റേഷന്‍ കാര്‍ഡുള്ളവരെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുന്നതായി പരാതി. സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്. നിരവധി കുടുംബങ്ങള്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹത ഉണ്ടായിട്ടും അതിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയാണ്. റേഷന്‍ സാധനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയും ഗോതമ്പും, സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയുള്ള സാധനങ്ങളും വെള്ള കാര്‍ഡുകാര്‍ക്ക് ലഭ്യമല്ല. ഈ മാസം കേവലം മൂന്ന് കിലോ അരി മാത്രമാണ് ഇവര്‍ക്ക് ഒരു മാസത്തേക്ക് ലഭിക്കുന്നത്. കാര്‍ഡില്‍ ഒരാള്‍ ആയാലും പത്ത് പേരായാലും ഈ മൂന്ന് കിലോ മാത്രമേ അവര്‍ക്കുള്ളൂ. ഇത് ഒരു മാസത്തേക്ക് എന്ത് ചെയ്യാനാവുമെന്നാണ് പലരും ചോദിക്കുന്നത്.

വീടിന്റെ വിസ്തീര്‍ണ്ണം ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കുകയോ, പട്ടണപ്രദേശത്ത് സ്വന്തമായി വീട് വെയ്ക്കാന്‍ ആവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ മുകളില്‍ നില നിര്‍മ്മിക്കുകയോ ചെയ്തവര്‍ക്ക് സാമ്പത്തിക നില പരിഗണിക്കാതെ വെള്ള കാര്‍ഡ് ആണ് നല്‍കുന്നത്. കിലോക്ക് 11 രൂപ നിരക്കിലാണ് ഈ വിഭാഗത്തിന് മൂന്ന് കിലോ നല്‍കുന്നത്.

പ്രസ്തുത വിഭാഗത്തിന്റെ അരി അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ചു കൊണ്ട് പച്ചരി, പുഴുക്കല്ലരി, കുത്തരി (മട്ട) എന്ന ക്രമത്തില്‍ വീതിച്ചു നല്‍കുന്നതു കൊണ്ട് ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങുന്നതില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. പലപ്പോഴും 3 കിലോ അരി വാങ്ങാന്‍ 3 സഞ്ചിയുമായി റേഷന്‍ കടയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനു പുറമേ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന കിലോക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്‌പെഷല്‍ അരി വിതരണവും അവസാനിപ്പിച്ചതും മണ്ണെണ്ണയുടെ വിതരണം നിര്‍ത്തിവെച്ചത് കൊണ്ടും റേഷന്‍ വിതരണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായിരിക്കയാണ്. 13 മാസത്തെ കിറ്റ് ഓണത്തോട് കൂടി നിര്‍ത്തല്‍ ചെയ്തത് കാരണവും പലരും റേഷന്‍ കടകളില്‍ പോകാതെ നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ്കാരുടെ ആയിരം സ്‌ക്വയര്‍ ഫീറ്റ് പരിധി എന്ന മാനദണ്ഡം ഉപേക്ഷിച്ചു കൊണ്ട് അവരുടെ ജീവിത നിലവാരം പരിഗണിച്ചു വെള്ള കാര്‍ഡുകാരില്‍ നിന്നും അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യമുയരുന്നു.

വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുന്ന അരി ഒന്നിച്ചു നല്‍കുന്നതിന്ന് വേണ്ടി ഇ.പോസ് മെഷീനില്‍ കോമ്പോ സംവിധാനം ഏര്‍പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. റേഷന്‍ കടകളില്‍ സ്‌റ്റോക്കുള്ള സ്‌പെഷ്യല്‍ അരി വിറ്റുതീര്‍ക്കുവാനും ആവശ്യമുള്ള കടകളിലേക്ക് 5 കിലോ തോതില്‍ എല്ലാ മാസങ്ങളിലും വിതരണം നടത്തുവാനുള്ള അലോട്ട്‌മെന്റ് വ്യാപാരികള്‍ ആവശ്യപെടുന്ന അളവില്‍ അനുവദിക്കണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ഹാജി ആവശ്യമുന്നയിച്ചു.