ബംഗളൂരു: അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മുന്‍മന്ത്രിയും ഗദക് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എച്ച്.കെ പാട്ടീലാണ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് റാലികളില്‍ മന:പൂര്‍വം തെറ്റായ കാര്യങ്ങളാണ് മോദി പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ഗോവയുമായുള്ള മഹാദായി നദീജല തര്‍ക്കം പരാമര്‍ശിക്കവെ സോണിയാ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് അനാവശ്യമാണെന്നും 2008ല്‍ യെദ്യൂരപ്പ സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് മോദി കളഞ്ഞുകുളിച്ചെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.