ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്. അടുത്തയാഴ്ചയാണ് ബിന്ദ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുന്നോടിയായി വോട്ടിങ് മെഷീന്റെയും വിവിപാറ്റ് മെഷീന്റെയും പ്രവര്‍ത്തനം വിശദീകരിക്കുന്നതിനായി വരണാധികാരിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കുന്നതിനിടെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിഞ്ഞ രസീതിയാണ് വിവിപാറ്റ് മെഷീനില്‍ നിന്ന് ലഭിച്ചത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വിവരം റിപ്പോര്‍ട്ട് ചെയ്യരുതെന്നായിരുന്നു ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുമെന്നും ഇലക്ടറല്‍ ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ കോണ്‍ഗ്രസ്, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു തന്നെ തെരഞ്ഞെടുപ്പ് നടത്തുന്ന പഴയ രീതിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. യു.പി ഉള്‍പ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി വ്യാപക പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ഇത് ശരിവെക്കുന്ന പുതിയ വിവാദം.