ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ച നടത്തിയെന്ന് മോദി പറഞ്ഞത്.

പരാമര്‍ശത്തില്‍ മോദി പിടിവാശി കളഞ്ഞ് വിശദീകരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ രാജ്യസഭയുടെ സുഗമമായ നടത്തിപ്പിന് കഴിയുകയുള്ളൂ. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അത് മാന്യതയാണെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് വേണ്ടി പത്തുവര്‍ഷത്തത്തോളം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍സിങിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മോദി മാപ്പു പറയാത്തത് നിര്‍ഭാഗ്യകരമാണ്. വാക്കുകള്‍ പിന്‍വലിക്കാന്‍ മോദി തയ്യാറാവുന്നില്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയിരുന്നു. ഇതിനിടയില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കന്നിപ്രസംഗവും തടസ്സപ്പെട്ടത് വിവാദമായി. ഇതിനെതിരെ ബി.ജെ.പി എം.പിമാരും രംഗത്തെത്തിയിരുന്നു.