ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിനെ മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിയെ ആക്രമിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണെന്ന് പറഞ്ഞ് അസാറാം ബാപ്പുവിന് ഒപ്പമുള്ള മോദിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസ് മോദിയെ ആക്രമിച്ചത്. മോദി ആസാറാമിനെ വണങ്ങുന്നതും ഇരുവരുമൊന്നിച്ച് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണ് എന്ന ഇസോപ്പിന്റെ വാക്യം ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് അസാറാം ബാപ്പുവിന് ഒപ്പമുള്ള മോദിയുടെ ദൃശ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം മോദിയെ ആക്രമിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റിനെതിരെ ഇതുവരെ മറുപടി നല്‍കാന്‍ ബി.ജെ.പിക്കായിട്ടില്ല. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനായി കണ്ടെത്തിയെ എഴുപത്തേഴുകാരനായ ആള്‍ദൈവം ആസാറാം ബാപ്പുവിനെ മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്.

 

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രത്യേക കോടതി സജ്ജീകരിച്ചാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ബാപ്പുവിന്റെ സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസ് അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരയും വധഭീഷണി ഉണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസില്‍ അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ മറ്റൊരു കേസും നിലവിലുണ്ട്.