ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടായി ചുമതലയേറ്റതിനു പിന്നാലെ, പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ശക്തമായ നടപടികളുമായി രാഹുല്‍ ഗാന്ധി. വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കാനും വിജയമുറപ്പിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങാനുമുള്ള പദ്ധതിയാണ് രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്യുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസമാണ് 2019-ലെ നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ അനുകൂലമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് ഉന്നത നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

രാഹുല്‍ ഗാന്ധി പ്രസിഡണ്ടായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പരീക്ഷണം 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പുമാണ്. വ്യക്തമായ പദ്ധതികളോടെയും മുന്നൊരുക്കത്തോടെയും തെരഞ്ഞെടുപ്പിന് ഇറങ്ങിയാല്‍ ഗുണഫലം ലഭിക്കുമെന്നാണ് ഗുജറാത്ത് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കണക്കു കൂട്ടുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും വിജയ സാധ്യതയുമുള്ളവര്‍ക്കു മാത്രം സീറ്റ് നല്‍കുക, പ്രചരണം വളരെ നേരത്തെ തന്നെ തുടങ്ങുക തുടങ്ങിയ നീക്കങ്ങളാണ് ഒരുങ്ങുന്നത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ ബി.ജെ.പി അവലംബിച്ച ശാസ്ത്രീയ രീതികളെ അതിനേക്കാള്‍ മികവില്‍ ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഓരോ മണ്ഡലത്തിലെയും വോട്ടുവിഹിതത്തെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും അതിനനുസരിച്ച് പ്രചരണം ചിട്ടപ്പെടുത്തുകയും ചെയ്യും. വോട്ടുവിഹിതം മനസ്സിലാക്കി അതിനനുസരിച്ച് പ്രചരണ പദ്ധതി നിശ്ചയിക്കുന്ന രീതി ബി.ജെ.പി വിജയകരമായി നടപ്പാക്കുന്നതാണ്. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ലെന്നുറപ്പുള്ള വോട്ടുകള്‍ ഭിന്നിപ്പിച്ചും മണ്ഡലങ്ങള്‍ക്കനുസരിച്ച് പ്രചരണ പദ്ധതികള്‍ ആവിഷ്‌കരിച്ചുമുള്ള രീതിയാണ് കനത്ത ഭരണ വിരുദ്ധ തരംഗത്തിനിടയിലും ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍, ബി.ജെ.പിയെ കടത്തിവെട്ടുന്ന തരത്തില്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ശാസ്ത്രീയ പഠനം നടത്താന്‍ ഓരോ മണ്ഡലത്തിനും 80 ലക്ഷം രൂപ വീതം ചെലവഴിക്കും. വീടുകള്‍ കയറിയിറങ്ങിയും സാധാരണക്കാരുമായി സംവദിച്ചുമാണ് ആദ്യ ഘട്ടത്തില്‍ വിവര ശേഖരണം നടത്തുക. ‘സ്ഥാനാര്‍ത്ഥി നിര്‍ണയം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള തീവ്ര യത്നത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇനിയും അത് തുടരും. പ്രചരണത്തിന് ആവശ്യമായ സമയം ലഭിക്കുന്ന തരത്തില്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാവും ഇനി ശ്രമിക്കുക. മണ്ഡലത്തിന്റെ സ്വഭാവവും വികാരവും മനസ്സിലാക്കാന്‍ ശാസ്ത്രീയ രീതികളെ അവലംബിക്കും.’ – വടക്കന്‍ പറയുന്നു.

ബി.ജെ.പി ഉപയോഗിക്കുന്ന ഗവേഷണത്തേക്കാള്‍ രണ്ടു മടങ്ങ് മികവുള്ളതായിരിക്കും കോണ്‍ഗ്രസിന്റേത് എന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറയുന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ‘കഴിഞ്ഞ ഒരു വര്‍ഷമായി, കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ മണ്ഡലത്തിലുള്ള പ്രതിച്ഛായയെ പറ്റി ഞങ്ങള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനങ്ങളില്‍ സ്വാധീനമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും അവസരം ലഭിക്കും.’ പൈലറ്റ് പറയുന്നു.

2018-ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍, ദളിത് പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കിടയില്‍ ഫലപ്രദമായ പ്രചരണം നടത്തിയാല്‍ 30-35 സീറ്റുകളില്‍ വരെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് അവകാശപ്പെട്ടു.