അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതിയും (പാസ്) കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമാകുന്നു. പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് പാസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസുമായുള്ള ധാരണ പ്രഖ്യാപിക്കേണ്ടിയിരുന്ന രാജ്‌കോട്ടിലെ റാലി ഹര്‍ദിക് പട്ടേല്‍ മാറ്റിയിട്ടുണ്ട്.

20 സീറ്റുകള്‍ ആവശ്യപ്പെട്ട സ്ഥാനത്ത് വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത് എന്നാണ് പാസിന്റെ ആരോപണം. ലളിത് വസോയ, അമിത് തുമ്മര്‍ എന്നീ നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം നല്‍കിയത്. വസോയ ധരോജി സീറ്റിലും തുമ്മാര്‍ ജുനാഗഥ് സീറ്റിലുമാണ് ജനവിധി തേടുക. അതേസമയം, പട്ടികയില്‍ മൊത്തം 18 പട്ടേല്‍ സമുദായക്കാരുണ്ട്.
സൂറത്തിലും അഹമ്മദാബാദിലും ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് ഓഫീസും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സൂറത്ത് സിറ്റി പാസ് കണ്‍വീനര്‍ ധര്‍മിക് മാളവ്യ ഭീഷണി മുഴക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ പരാതി പറയാനായി പാസ് കണ്‍വീനര്‍ ദിനേശ് ഭംബാനിയ ഗുജറാത്ത് പി.സി.സി അധ്യക്ഷന്‍ ഭാരത് സിന്‍ഹ സോളങ്കിയുടെ വീട്ടിലെത്തി. പട്ടികയില്‍ ഇടംലഭിച്ച പട്ടേല്‍ സ്ഥാനാര്‍ത്ഥികളോട് നാമനിര്‍ദേശ പത്രിക നല്‍കരുത് എന്ന് ആവശ്യപ്പെടുമെന്ന് മറ്റൊരു പാസ് നേതാവ് ദിനേശ് പട്ടേല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് തൊട്ടുതലേദിവസം, ഞായറാഴ്ച പാസ് നേതാക്കളായ ഭംബാനിയയും കഹിരിയയും സോളങ്കിയുമായും മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സീറ്റ് വിഭജനത്തില്‍ ഫോര്‍മുലയില്‍ എത്തിയതായി ഇവര്‍ പറയുകയും ചെയ്തിരുന്നു.

നേരത്തെ, പട്ടേല്‍ സമുദായത്തിനുള്ള സംവരണ വിഷയത്തില്‍ ശനിയാഴ്ച അര്‍ധരാത്രിക്കകം നിലപാട് വ്യക്തമാക്കണമെന്ന് ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. പട്ടേല്‍ സമുദായത്തിന് തൊഴില്‍വിദ്യാഭ്യാസ മേഖലകളില്‍ സംവരണം വേണമെന്നതാണ് ഹര്‍ദികിന്റെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കന്ന 30 മണ്ഡലങ്ങളുടെ പട്ടിക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കോണ്‍ഗ്രസിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.