ജറൂസലം: ഇറാനെന്ന പൊതുശത്രുവിനെ നേരിടാന്‍ സഊദി അറേബ്യയുമായി ഇസ്രാഈലിന് രഹസ്യബന്ധമുണ്ടെന്ന് ഇസ്രാഈല്‍ മന്ത്രി വെളിപ്പെടുത്തി. ഇസ്രാഈലും സഊദിയും തമ്മില്‍ രഹസ്യകരാറുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇസ്രാഈല്‍ ഊര്‍ജ മന്ത്രി യുവാല്‍ സ്റ്റിനിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ആര്‍മി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം സഊദി ബന്ധത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം എന്തിനാണ് ഇസ്രാഈല്‍ രഹസ്യമാക്കിവെക്കുന്നതെന്ന ചോദ്യത്തിന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ‘സഊദിയുമായി മാത്രമല്ല, മറ്റ് നിരവധി മുസ്്‌ലിം, അറബ് രാജ്യങ്ങളുമായി ഇസ്രാഈലിന് ബന്ധമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പരസ്യമാക്കുന്നതിന് ഒരു പ്രശ്‌നവുമില്ല. മറുഭാഗമാണ് ഇത്തരം ബന്ധങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നത്. അവരുടെ താല്‍പര്യം കൂടി ഞങ്ങള്‍ മാനിക്കുന്നു. കരാറുകള്‍ ഉണ്ടായിവരുമ്പോള്‍ സഊദിയായാലും മറ്റേത് അറബ് രാജ്യമായാലും ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നു’-സ്റ്റിനിസ്റ്റ് പറഞ്ഞു. ഇസ്രാഈലുമായി ബന്ധമില്ലെന്നാണ് സഊദി പറഞ്ഞുപോരുന്നത്.

തിങ്കളാഴ്ച റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത അറബ് ഭൂപ്രദേശങ്ങളില്‍നിന്ന് പിന്മാറാതെ ഇസ്രാഈലുമായി ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രാഈല്‍ മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലിനോട് സഊദി പ്രതികരിച്ചിട്ടില്ല. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവും ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. സഊദിയും ഇസ്രാഈലും ഇറാനെ പൊതുശത്രുവായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളെക്കുറിച്ച് പലതരം അഭ്യൂഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.