കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ കോണ്‍ഗ്രസ് നിലപാടുകളും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു പി. രാമകൃഷ്ണന്‍. പത്രത്തെ ഒരധികാര ശക്തിക്കും കീഴ്‌പ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ച് പടയാളിയെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു. ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാവിനെയാണ് കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമായത്.