ഭോപ്പാല്‍: കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം. മധ്യപ്രദേശിലാണ് സംഭവം. അടല്‍ എക്സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരുമായി ഷിയോപുറിലുളള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍.

അപേക്ഷയുമായി ദീര്‍ഘനേരം പുറത്ത് വെയിലത്ത് കാത്തുനിന്നെങ്കിലും കളക്ടറെ കാണാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരോട് നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പിന്നീട് ഷര്‍ട്ട് ഊരിമാറ്റി എംഎല്‍എ തലകുത്തി നില്‍ക്കുകയായിരുന്നു.

ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്‍ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.