ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം. 12 ജില്ലകളിലെ അമ്പത് മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്ക് (43 മുനിസിപ്പാലിറ്റികളും ഏഴ് നഗര കൗണ്‍സിലുകളിലും) ആയിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് 620 സീറ്റുകള്‍ നേടി. ബിജെപിക്ക് 548 സീറ്റാണ് കിട്ടിയത്. സ്വതന്ത്രര്‍ 595 വോട്ടു നേടി.

ഏഴു ബിഎസ്പി സ്ഥാനാര്‍ത്ഥികളും രണ്ടു വീതം സിപിഐ, സിപിഎം സ്ഥാനാര്‍ത്ഥികളും വിജയിച്ചു. രാഷ്ട്രീയ ലോക് കാന്ത്രിക് പാര്‍ട്ടി ഒരു സീറ്റു നേടി.

തെരഞ്ഞെടുപ്പിനായി 2622 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. 14.32 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 7249 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എല്ലാ ഭരണ സ്ഥാപനങ്ങളിലേക്കുമായി 1775 വാര്‍ഡുകളാണ് ഉള്ളത്. ഡിസംബര്‍ 11ന് നടന്ന വോട്ടെടുപ്പില്‍ 79.90 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്.