ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവ ആര്‍ച്ച് ബിഷപ്പിന്റെ കത്ത്. രാജ്യത്ത് ഭരണഘടന അപകടാവസ്ഥയിലാണെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും കത്തോലിക്ക വിശ്വാസികള്‍ക്കയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫാദര്‍ ഫിലിപ്പി നെരി ഫെറോ പറഞ്ഞു.

കുറച്ച് കാലങ്ങളായി രാജ്യത്ത് പലരീതിയിലുള്ള അക്രമങ്ങള്‍ കണ്ടുവരികയാണ്. ഭക്ഷണത്തിന്റേയും വസ്ത്രത്തിന്റേയും പേരിലുള്ള ഒരു തരം വിയോജിപ്പുകള്‍ പ്രകടമാവുന്നു. ഇതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ജനാധിപത്യം അപകടസ്ഥിതിയിലായിരിക്കുകയുമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രാജ്യത്ത് ഭരണഘടന അപകടാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സുരക്ഷിതരല്ലാത്ത സ്ഥിതിയാണുള്ളതും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് തന്നെ നേരത്തെയാവുന്നതിന് സാധ്യതയുണ്ടെന്നും ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ബിഷപ്പ് പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ജനങ്ങളോട് തയ്യാറാവണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. അതേസമയം, കത്തില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ബിഷപ്പിന്റെ ഓഫീസ് പ്രതികരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഞങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തേയും ഭരണഘടനാ മൂല്യങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് മറ്റാരുടേയും നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.