ന്യൂഡല്‍ഹി: 67 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിക്ക് 10 വര്‍ഷം തടവ്. സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി തടവ് വിധിച്ചത്. പത്തു വര്‍ഷമാണ് തടവു വിധിച്ചതെങ്കിലും 11 വര്‍ഷവും രണ്ടു മാസവുമായി താരിഖ് ജയിലിലാണ്. കേസിലെ മറ്റു രണ്ടു പ്രതികളായ മുഹമ്മദ് റഫീഖ് ഷാ, മുഹമ്മദ് ഹുസൈന്‍ ഫസ്്‌ലി എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു. ഇവരും 11 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇപ്പോള്‍ വെറുതെ വിടുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് ഇന്‍ക്വിലാബ് മഹസിലെ അംഗങ്ങളാണു പ്രതികള്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചു, സ്‌ഫോടനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്നീ കുറ്റങ്ങള്‍ക്കാണ് ധാറിനെതിരെ ശിക്ഷിച്ചത്. മൂന്ന് പ്രത്യേക കേസുകളാണ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസ് എടുത്തിരുന്നത്. എന്നാല്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നതിനായി മൂന്നു കേസുകളും കോടതി ഒരുമിപ്പിക്കുകയായിരുന്നു. 2005 ഒക്ടോബര്‍ 29നു ഡല്‍ഹിയില്‍ മൂന്നിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 67 പേര്‍ കൊല്ലപ്പെടുകയും 225 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ നാല് മലയാളികളും ഉള്‍പ്പെട്ടിരുന്നു. പഹാഡ്ഗഞ്ച്, സരോജിനി മാര്‍ക്കറ്റ്, കല്‍ക്കാജി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ അഹമ്മദ് ധര്‍ മറ്റു പ്രതികളായ അബു ഔസേഫ, അബു അല്‍ കാമ, റാഷിദ്, സാസിദ് അലി, സാഹിദ് എന്നിവരുമായി ചേര്‍ന്ന് സ്‌ഫോടന പരമ്പര നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ധര്‍ ഒഴികെയുള്ള മറ്റു പ്രതികള്‍ പാക് അധീന കശ്മീരില്‍ നിന്നുള്ള ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണ്. കശ്മീര്‍ സ്വദേശിയായ താരിഖ് അഹമ്മദ് ധര്‍ 2005 ഡിസംബറിലാണ് അറസ്റ്റിലാവുന്നത്.