വാഷിങ്ടണ്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. കുറഞ്ഞ ചെലവില്‍ അനുയോജ്യമായി പരീക്ഷണം നടത്തുന്ന ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു വിജയമാണിതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി. ബഹിരാകാശ രംഗത്ത് ഇന്ത്യ നടത്തിയ കുതിപ്പുകള്‍ വിസ്മരിക്കാനാവില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രശംസിച്ചു. വളരെ സങ്കീര്‍ണവും ഉത്തരവാദിത്വവുമുള്ള നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് ന്യൂയോര്‍ക് ടൈംസ് കുറിച്ചു. റഷ്യയേയും യു.എസിനെയും മറക്കാം, ബഹിരാകാശ രംഗത്തെ യഥാര്‍ത്ഥ മല്‍സരം ഏഷ്യയിലാണെന്നായിരുന്നു സി.എന്‍.എന്‍ വിശേഷിപ്പിച്ചത്. ലണ്ടന്‍ ടൈംസ് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ പുകഴ്ത്തിയപ്പോള്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യക്ക് ഉറച്ച സ്ഥാനമാണുള്ളതെന്ന് ഗാര്‍ഡിയന്‍ കുറിച്ചു. കുറഞ്ഞചിലവില്‍ ഇന്ത്യ വലിയ പരീക്ഷണം നടത്തുകയാണെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. ബഹിരാകാശ വിപണന മാര്‍ക്കറ്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും ബി.ബി.സി വ്യക്തമാക്കി. അതേസമയം ബഹിരാകാശ നേട്ടത്തില്‍ ഇന്ത്യ ഇപ്പോഴും തങ്ങള്‍ക്ക് പിന്നിലാണെന്ന വാദവുമായി ചൈന രംഗത്തെത്തി. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നല്ല കാര്യമാണെങ്കിലും അമേരിക്കക്കും ചൈനക്കും ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വിമര്‍ശിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പാവപ്പെട്ടവരുള്ളത് ഇന്ത്യയിലാണെന്നും സ്വന്തമായി ബഹിരാകാശ നിലയമോ ബഹിരാകാശ യാത്രികരോ ഇന്ത്യക്കില്ലെന്നും പത്രം പരിഹസിച്ചു.