ഡല്‍ഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്‍ പ്രതീക്ഷ നല്‍കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി പറഞ്ഞു.

‘ദൈനംദിന അടിസ്ഥാന വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്സിന്‍ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ ഡാറ്റയും പരിശോധിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്സിന്‍, ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തി’ യുഎസ് മുഖ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുമ്പോള്‍ തന്നെ ജനുവരി മൂന്നിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു.

പരീക്ഷണഘട്ടത്തില്‍ 78 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്നാണ് ഐസിഎംആര്‍ അവകാശപ്പെട്ടിരുന്നത്. രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ബി.1.617 കോവിഡ് വകഭേദം കണ്ടുവരുന്നത്. രാജ്യത്ത് അതി തീവ്രമായ രണ്ടാംതരംഗത്തിലേക്ക് നയിച്ചത് ഈ വകഭേദമാണെന്നാണ് വിലയിരുത്തല്‍.