ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്നതിനിടെ, അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. മുന്‍ തവണത്തെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി അര്‍ഹരായവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അമാന്തം കാണിക്കരുത്. ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവണം. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍ സുരക്ഷിതമാണെന്ന് നീതി ആയോഗ് അംഗം വിനോദ് കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഛത്തീസ്ഗഡിലെ സ്ഥിതിഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചു.ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറുശതമാനം. മൊത്തം കോവിഡ് മരണങ്ങളില്‍ മൂന്ന് ശതമാനം ഈ സംസ്ഥാനത്ത് നിന്നുമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡിന് പുറമേ മഹാരാഷ്ട്ര, പഞ്ചാബ്, എന്നി സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 58 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.