ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിന് ഒരുങ്ങി രാജ്യം. ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടുന്ന മൂന്നൂകോടിയാളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. തുടർന്ന് അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടിയോളം ആളുകൾക്കും വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്.

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. വാക്‌സിനേഷൻ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകൾ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് വാക്‌സിൻ വിതരണം 133 കേന്ദ്രങ്ങളിൽ

കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിൻ വിതരണം നടക്കുക. തിരുവനന്തപുരത്തും കോഴിക്കോട്ടും 11 വീതവും എറണാകുളത്ത് 12ഉം വാക്‌സിൻ വിതരണ കേന്ദ്രങ്ങളുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒമ്പത് വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടാവുക.
ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിട്ടുണ്ട്. ഒരു കേന്ദ്രത്തിൽനിന്ന് ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. 133 കേന്ദ്രങ്ങളിൽ പ്രതിദിനം 13,300 പേർക്ക് ഒരുദിവസം വാകസിൻ നൽകാനാകും.
ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ സ്വീകരിക്കാൻ സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർ ഇതിനോടകം തന്നെ വാക്‌സിനേഷന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.