അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ‘സ്വിഹത്തി’ ആപ്പ് വഴിയാണ് വാക്‌സിന്‍ എടുക്കേണ്ടവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തവക്കല്‍ന ആപ്പിലും ഈ സൗകര്യം വൈകാതെ ലഭ്യമാകും. വാക്‌സിന്‍ സൂക്ഷ്മ പരിശോധനയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു. മൂന്ന് ഘട്ടങ്ങളായാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 65 വയസ് പിന്നിട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് നല്‍കുക. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ , പൊണ്ണത്തടിയുള്ളവര്‍, വിട്ടുമാറാത്ത സ്ഥിരം രോഗം ബാധിച്ചവര്‍, നേരത്തെ പക്ഷാഘാതം പിടിപെട്ടവര്‍, ആസ്തമ, പ്രമേഹം, വൃക്ക രോഗം, ഹൃദ്രോഗം ,കാന്‍സര്‍ ബാധിച്ചവര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുക. രണ്ടാം ഘട്ടത്തില്‍ അമ്പത് വയസിന് മുകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മേല്പറഞ്ഞ ഏതെങ്കിലും രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. മൂന്നാം ഘട്ടത്തിലാണ് രാജ്യത്തെ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവെപ്പ് നല്‍കുക. വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു .

സഊദിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചതായി ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട് . ഇന്നലെ കോവിഡ് ബാധിതരുടെ എണ്ണം 139 ആയതോടെ പ്രതിരോധ നടപടികള്‍ പൂര്‍ണ്ണമായി ഫലപ്രാപ്തിയിലെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍ അലി ശുഭസൂചന നല്‍കിയിരുന്നു. രാജ്യത്തെ സ്വദേശികളോടും വിദേശികളോടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു . രോഗവ്യാപനം തടയാനും രാജ്യത്തുള്ള എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്താനും ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഈ മാസം അവസാന വാരത്തില്‍ വിതരണത്തിനെത്തുന്ന കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഡോസുകളായിട്ടാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യകുത്തിവെപ്പ് നടത്തി ഇരുപത് ദിവസം പിന്നിട്ട ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് .