തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാതലത്തില്‍ പ്രതിരോധ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. കോവിഡ് പ്രതിരോധ നടപടിയായി ഏതൊക്കെ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും.

വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് പോകേണ്ടതില്ല എന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. അങ്ങനെയെങ്കില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയോ നിയമലംഘനങ്ങള്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ കടുപ്പിക്കന്നതോ ആയ നടപടിയായിരിക്കും ഇന്ന് ഉണ്ടാവുക. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടികളും കൈക്കൊണ്ടേക്കും. പൊലീസിനെ ഉപയോഗിച്ച് നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കും.

അതിരൂക്ഷമായ കോവിഡ് സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. 7000ത്തിലധികമാണ് ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക്. ജില്ലകളില്‍ മാത്രം ആയിരമോ അതിനടുത്തോ കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമ്പര്‍ക്കം വഴിയുള്ള രോഗബാധയാണ് ഏറ്റവും കൂടുതല്‍.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലെല്ലാം ആശങ്കപ്പെടുത്തുന്ന വര്‍ധനയാണുള്ളത്. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുന്നതോടെ ആശുപത്രികളില്‍ സൗകര്യമില്ലാതെ വരികയും മതിയായ ആരോഗ്യപ്രവര്‍ത്തകരുടെ അഭാവവും ഉണ്ടാകും. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തെ കൂടുതല്‍ വഷളാക്കും.