കൊവിഡ് മനുഷ്യ ശരീരത്തിലെ എവിടെയെല്ലാമാണ് ബാധിക്കുക? എല്ലാ അവയവങ്ങളേയും ബാധിക്കുമെന്നാണ് എയിംസ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കമുള്ളവര്‍ പറയുന്നു.

കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ക്ക് നെഞ്ചിലെ പ്രശ്‌നങ്ങളുമായി ബന്ധമില്ല. കോശങ്ങള്‍ക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകള്‍ ഉപയോഗിച്ചാണ് വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.

ചില കൊവിഡ് രോഗികളില്‍ തലച്ചോറിന് ക്ഷതം സംഭവിക്കാം. രക്തം കട്ടപിടിക്കല്‍, പക്ഷാഘാതം, മസ്തിഷ്‌കവീക്കം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവന്‍ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.