തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 23 പേരുടെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. 6486 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 1049 പേര്‍ക്ക് രോഗം എവിടെ നിന്നാണ് വന്നതെന്നറിയില്ല. 50,154 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്.

94,517 പേര്‍ ചികിത്സയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. എറണാകുളത്തും കോഴിക്കോട്ടുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇരു ജില്ലകളിലും പ്രതിദിന കോവിഡ് ആയിരം കടന്നു.

കോഴിക്കോട്ട് 1246ഉം എറണാകുളത്ത് 1209ഉം പേര്‍ക്കാണ് കോവിഡ് ബാധ. 128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് പത്തു ലക്ഷത്തില്‍ 8011 എന്ന തോതിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ദേശീയ തലത്തില്‍ പത്തു ലക്ഷത്തില്‍ 6904 പേര്‍ക്കാണ് രോഗബാധ.