തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ അതിതീവ്രമായ കൊവിഡ് വ്യാപനമെന്ന് ആരോഗ്യ വകുപ്പ്. 1,84,000 പരിശോധനകള്‍ ആഗസ്റ്റ് 7നും 14നുമിടയില്‍ നടത്തി. 9577 കേസുകള്‍ പോസിറ്റീവായി. 37 പേര്‍ മരണമടഞ്ഞു.

ഈ ആഴ്ചയില്‍ പാലക്കാട്,കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഇപ്പോഴും രോഗവ്യാപനം ഉയര്‍ന്ന് തന്നെയാണ്. എന്നാല്‍ ആലപ്പുഴ,തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. രോഗബാധ കൂടുതലുളള ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവത്തനം വര്‍ദ്ധിപ്പിക്കണം. ജലദോഷ പനിയുളളവര്‍ക്കെല്ലാം കൊവിഡ് രോഗ നിര്‍ണയത്തിനുളള ആന്റിജന്‍ ഉള്‍പ്പടെ പരിശോധനകള്‍ വേണം. ശ്വാസകോശ സംബന്ധമായി രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പിസിആര്‍ പരിശോധന നടത്തണം എന്ന് മുന്‍പ് ആരോഗ്യ വകുപ്പ് വിശദമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജലദോഷമുളളവര്‍ക്ക് അഞ്ചാം ദിനമാണ് കൊവിഡ് പരിശോധന നടത്തേണ്ടത്.

രോഗവ്യാപനമുളള നിയന്ത്രിത മേഖലകളില്‍ നിന്നുളളവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടനെ ആന്റിജന്‍ പരിശോധന വേണം. വലിയ ക്‌ളസ്റ്ററുകളില്‍ നിന്നുളള മുന്‍ഗണനാ വിഭാഗക്കാര്‍ക്കും ഇത്തരം പരിശോധന ഉണ്ടാകും. പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ മുതലായവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. മരണമടഞ്ഞവര്‍ക്ക് ആദ്യം വിദഗ്ധ പരിശോധന നടത്താനും പിന്നാലെ പിസിആര്‍ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.