കോഴിക്കോട്: കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെഎംസിസി കമ്മിറ്റികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 100 കോടിയിലേറെ രൂപ. 100,47,23,736.49 (നൂറ് കോടി നാല്പത്തി ഏഴു ലക്ഷത്തി ഇരുപത്തി മൂവ്വായിരത്തി എഴുന്നൂറ്റി മുപ്പത്തി ആറ് രൂപ നാല്‍പത്തൊമ്പത് പൈസ)യാണ് കോവിഡ് കാല സേവനങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടത്. ഇന്ത്യക്ക് പുറത്തുള്ള കെഎംസിസി കമ്മിറ്റികളുടെ മാത്രം കണക്കാണിത്.

ഇന്ത്യക്കകത്ത് വിവിധ സംസ്ഥാനങ്ങളില്‍ എഐകെഎംസിസിയുടെ നേതൃത്വത്തിലും സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത് 63257 പേരാണ്. 32.2 കോടി രൂപ ഇതിനായി ചെലവഴിച്ചു. വന്ദേ ഭാരത് ഫ്‌ളൈറ്റ് സേവനത്തിന് ഗുണഭോക്താക്കളായി 11559 പേരുണ്ടായി. 2.37 കോടി ഇതിനായി കെഎംസിസി ചെലവഴിച്ചു.

അതിജീവനമെന്ന ലക്ഷ്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെഎംസിസി കമ്മിറ്റികള്‍ ചെയ്ത സേവനങ്ങളുടെ സമ്പൂര്‍ണ്ണ വിവരം മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിസിസി രാഷ്ട്രങ്ങളിലും, കിഴക്കേഷ്യയില്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലും യുറോപ്പില്‍ തുര്‍ക്കി, ബ്രിട്ടന്‍ ഇ.യു സ്റ്റേറ്റുകളിലും, യു.എസ്സിലും കാനഡയിലും കെഎംസിസി നടത്തിയ സേവനങ്ങളുടെ കണക്കുകളാണ് പുറത്തുവിട്ടത്.

ഭക്ഷണ വിതരണം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, അസുഖബാധിതരെ ആശുപത്രിയില്‍ എത്തിക്കല്‍, രോഗികള്‍ക്ക് മരുന്നെത്തിക്കുക, ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ സേവനങ്ങളാണ് കെഎംസിസി നടത്തിയിരുന്നത്.