ദുബൈ: ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങളുമായി യുഎഇ അധികൃതര്‍. വിവാഹത്തിനും മരണാനന്തര ചടങ്ങിലുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് ചടങ്ങുകളിലും പത്തില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങുകള്‍ക്ക് മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

രോഗപ്രതിരോധ മന്ത്രാലയവും ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് ഉത്തരവിറക്കിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹത്തില്‍ ബുഫേ സംവിധാനം പാടില്ല. ഡിസ്‌പോസിബ്ള്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിച്ച വസ്തുക്കള്‍ ശരിയായ രീതിയില്‍ ശുചീകരിക്കണം- ഉത്തരവില്‍ പറയുന്നു.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം 60-80 ശതമാനം ആള്‍ക്കഹോള്‍ അടങ്ങുന്ന വെള്ളം ഉപയോഗിച്ച് കൈകളും പ്രതലങ്ങളും കഴുകണം. ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഖബറിസ്ഥാന്റെ ഗേറ്റില്‍ ബോധവത്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കണം. സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും വേണം- സര്‍ക്കാര്‍ വ്യക്തമാക്കി.