ബെയ്ജിങ്: കോവിഡിന്റെ ഉല്‍ഭവം തേടിയെത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച് ചൈന. കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെ പറ്റി പഠനം നടത്താന്‍ വുഹാനിലേക്ക് തിരിച്ച സംഘത്തെയാണ് ചൈന തടഞ്ഞത്. അവസാന നിമിഷമാണ് ചൈന പ്രവേശനം നിഷേധിച്ചത്.

സംഭവത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിഷേധം ചൈനയെ അറിയിച്ചു. വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ചൈന ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത് വുഹാനിലാണെന്നും അതിനാല്‍ തന്നെ അവിടെ പഠനം നടത്തേണ്ടത് ആവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് പറഞ്ഞു. അതിനുള്ള അനുമതി ചൈന എത്രയും വേഗം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.