രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. 50 വയസുകാരനായ അക്ബര്‍ ഖാന്‍ എന്നായാളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 വയസുകാരനെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് അതേ തരത്തിലുള്ള മറ്റൊരും കൊലപാതകം കൂടി ഇന്ന് നടന്നിരിക്കുന്നത്.

ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ തന്റെ താമസ സ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായത്. അല്‍വാര്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഇപ്പോള്‍ അക്ബര്‍ ഖാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

അല്‍വാറില്‍ ദേശീയപാത 8ല്‍ വെച്ചാണ് കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാനും കുടുംബാംഗങ്ങളും ക്രൂരമായ ആക്രമണത്തിനിരയായത് തുടര്‍ന്ന് സമീപത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പെഹ്‌ലുഖാന്‍ മരണത്തിന് കീഴടങ്ങി.