ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താന്‍ 21 അടിയുടെ മാത്രം കുറവ്. ഡാമിന്റ് വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. മൂന്നടിയോളം വെള്ളം ദിവസവും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു.

ഇതിന് മുമ്പ് രണ്ട് തവണയാണ് ഡാമിന്റ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. 1981ലും 1992ലും. നിലവിലെ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്തവണ ഡാം വീണ്ടും തുറക്കേണ്ടി വരും. വൈദ്യുതി ഉല്‍പാദനം പരമാവധി വര്‍ദ്ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. ദിനംപ്രതി 5 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്ന ഉല്‍പാദനം ഇപ്പോള്‍ 8 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്.