ജയ്പൂര്‍: ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു.

അല്‍വാര്‍ ജില്ലയിലെ രാംഗറിലെ എം.എല്‍.എ കൂടിയാണ് ഗ്യാന്‍ ദേവ് അഹൂജ. അമ്മമാരോട് ഇത്തരത്തില്‍ പെരുമാറുന്നത് അനുവദിക്കുന്ന രാജ്യമല്ല ഇന്ത്യ. അത് തീവ്രവാദത്തേക്കാള്‍ ക്രൂരമായ കുറ്റകൃത്യമാണ്. പശുവിനെ നമ്മള്‍ സ്വന്തം അമ്മയായാണ് കാണുന്നതെന്ന് ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു.

തീവ്രവാദികള്‍ ഒരുപക്ഷേ രണ്ടോ മൂന്നോ നാലോ പേരെയാവും കൊലപ്പെടുത്തുക. എന്നാല്‍ പശുക്കളെ കൊല്ലുന്നത് ആയിരക്കണക്കിന് ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നതാണ്. തീവ്രവാദത്തിന്റെ അതേ സ്വഭാവമുള്ള വിഭാഗത്തില്‍ തന്നെ ഗോഹത്യയും ഉള്‍പ്പെടുത്തുമെന്നും സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസിന് ഇത്തരം കേസുകളുടെ ചുമതല നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.