ഡല്‍ഹി: കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൈറ്റായ കോവിന്‍.ജിഒവി.ഇന്‍ സ്തംഭിച്ചു. 18 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌ട്രേഷനായി തുറന്ന് നല്‍കിയതിന് പിന്നാലെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇന്ന് വൈകുന്നേരം നാല് മണിമുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചത്.

ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ട്വിറ്ററില്‍ കുറിച്ചു. സെര്‍വര്‍ പ്രശ്‌നങ്ങള്‍ക്ക് പുറമെ,മൊബൈല്‍ നമ്പര്‍ നല്‍കിയാലും ഒ.ടി.പി പലര്‍ക്കും ലഭിക്കുന്നില്ല.

ചിലര്‍ക്കാണെങ്കില്‍ സൈറ്റില്‍ പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല. കോവിന്‍ സെര്‍വറില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും പിന്നീട് ശ്രമിക്കുക എന്ന അറിയിപ്പാണ് ചിലര്‍ക്ക് ലഭിക്കുന്നത്. ചിലര്‍ക്കാണെങ്കില്‍ കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം 504 gateway time-out Error എന്ന അറിയിപ്പുമാണ് ലഭിക്കുന്നത്.