ഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ കൈകാര്യം ചെയ്യുന്ന കോവിന്‍ പോര്‍ട്ടലില്‍ ആവര്‍ത്തിച്ച് തകരാര്‍ വന്നതോടെ വിവിധയിടങ്ങളില്‍ വാക്‌സിനേഷന്‍ പ്രക്രിയ അവതാളത്തിലായി റിപ്പോര്‍ട്ട്.

ഓണ്‍സൈറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്തവര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആള്‍കൂട്ടം നിയന്ത്രിക്കാന്‍ ഡല്‍ഹിയിലെ മൂല്‍ചന്ദ് ആശുപത്രിയില്‍ വാക്ക്ഇന്‍ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് ഒരുമണിയോടെ നിര്‍ത്തിവെച്ചു. കോവിന്‍ പോര്‍ട്ടല്‍ ഇടക്കിടെ തകരാറിലാവുന്നുവെന്ന് ആശുപത്രി അധികൃതര്‍ പരാതിപ്പെടുന്നു.

തിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്വകാര്യ ആശുപത്രികളിലെത്തിയത്. എന്നാല്‍, വരുന്നവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും കാലതാമസം നേരിടുന്നത് ആശങ്കയ്ക്കിടയാക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.