ആലപ്പുഴ: ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയുടെ പേരുള്ള നഗരിയില്‍ ആലപ്പുഴയില്‍ സമ്മേളനം. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴയില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന സമ്മേളനമാണ് ‘ഗോഡ്‌സേ നഗറി’ല്‍ നടന്നത്. പിണറായി വിജയനും ആര്‍.എസ്.എസ്സും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചകള്‍ പരസ്യമായ സാഹചര്യത്തില്‍ പുതിയ വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

കേരളത്തിലെ സംഘ്പരിവാറില്‍ ഗോഡ്‌സെ ആരാധകര്‍ ധാരാളമുണ്ടെങ്കിലും പരസ്യമായി തുറന്നുപറയാന്‍ ആരും ഇതുവരെ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ പിണറായിയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന ധൈര്യമാണ് സംഘ്പരിവാറിനെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഫെബ്രുവരി 21 ന് ആലപ്പുഴ കുത്തിയതോട് എന്‍.എസ്.എസ് കരയോഗം ഹാളാണ് ഗാന്ധിവധത്തിന്റെ പേരില്‍ കുപ്രസിദ്ധനായ ഗോഡ്‌സേയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്.

പൊലീസ് സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ല എന്നാണ് നടപടി സ്വീകരിക്കാത്തതിന് കാരണമായി പറയുന്നത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പരിപാടി നടന്നതായി അറിയില്ലെന്നാണ് പോലീസ് പറയുന്നത്. 1915ല്‍ ‘സാര്‍വദേശക് ഹിന്ദു സഭ’ എന്ന പേരില്‍ ആരംഭിച്ച ഈ സംഘടന 1921ലാണ് ഇപ്പോഴുള്ള പേരിലേക്ക് മാറിയത്.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാതിരുന്ന ഇവര്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യാ സമരവും അടക്കമുള്ള സമരമുറകളില്‍ നിന്നും വിട്ടുനിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും ഗാന്ധിയെ കൊന്നവനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സംഘടനയാണ് ഹിന്ദു മഹാസഭ.